വാഷിങ്ടണ്‍: അമേരിക്കയിലെ 2026 ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തിന് അനുമതി നല്‍കി സുപ്രീംകോടതി. തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ അവസാന നിമിഷം മാറ്റം വരുത്തുന്നത് ഒഴിവാക്കണമെന്ന നിയമ തത്വം ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി വിധി തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിയുടെ നടപടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും സംസ്ഥാന സെക്രട്ടറി ഡേവിഡ് സ്‌കാന്‍ലനും അനുകൂലമായ വിധിയാണിത്.
ഈ വസന്തകാലത്ത് സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരം വോട്ടറുടെ വ്യക്തിത്വം സ്ഥിരീകരിക്കാന്‍ വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിക്കാനാവില്ല. എന്നാല്‍, മറ്റ് മാര്‍ഗങ്ങളിലൂടെ തിരിച്ചറിയല്‍ ഉറപ്പാക്കാന്‍ വോട്ടര്‍മാര്‍ക്ക് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ മറ്റ് രേഖകള്‍ക്കൊപ്പം പരിഗണിക്കാമോ എന്നതായിരുന്നു തര്‍ക്കത്തിന്റെ കേന്ദ്രവിഷയം. കാര്‍ഡുകള്‍ മറ്റ് തെളിവുകള്‍ക്കൊപ്പവും ഉപയോഗിക്കാനാവില്ലെന്ന സംസ്ഥാന അധികൃതരുടെ വ്യാഖ്യാനത്തിനെതിരെ വോട്ടവകാശ സംഘടനയായ കോയലിഷന്‍ ഫോര്‍ ഓപ്പണ്‍ ഡെമോക്രസി കോടതിയെ സമീപിക്കുകയായിരുന്നു.
ഒക്ടോബര്‍ രണ്ടിന് ഫെഡറല്‍ ജില്ലാ കോടതി സംസ്ഥാനത്തിന്റെ വ്യാഖ്യാനം നടപ്പാക്കുന്നത് തടഞ്ഞു. ഇതിനെതിരെ ന്യൂഹാംഷെയര്‍ അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത് ഒഴിവാക്കണമെന്ന 'പര്‍സല്‍ സിദ്ധാന്തം' ബാധകമാണെന്ന് സംസ്ഥാനവും റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയും വാദിച്ചു. ഇതു പരിഗണിച്ചാണ് സുപ്രീംകോടതി കീഴ്‌ക്കോടതി ഉത്തരവിന് തടയിട്ടത്. ജഡ്ജിമാര്‍ക്കിടയിലെ വോട്ടിങ് നില കോടതി വെളിപ്പെടുത്തിയില്ല. എന്നാല്‍, ലിബറല്‍ വിഭാഗത്തിലെ ജസ്റ്റിസ് കെറ്റന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ വിയോജിപ്പ് രേഖപ്പെടുത്തി. പര്‍സല്‍ സിദ്ധാന്തം ഈ കേസില്‍ പ്രയോഗിച്ചതിനെ അവര്‍ ചോദ്യം ചെയ്തു.
നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ വിരമിക്കുന്ന ഡെമോക്രാറ്റിക് സെനറ്റര്‍ ജീന്‍ ഷഹീന്റെ ഒഴിവിലേക്ക് പുതിയ സെനറ്ററെ തിരഞ്ഞെടുക്കുന്നതും ന്യൂഹാംഷെയറിലെ പ്രധാന രാഷ്ട്രീയ പോരാട്ടമാണ്. യുവ വോട്ടര്‍മാര്‍ക്കിടയില്‍ ഡെമോക്രാറ്റുകള്‍ക്ക് റിപ്പബ്ലിക്കന്‍മാരേക്കാള്‍ 31 ശതമാനം പോയിന്റിന്റെ മുന്‍തൂക്കമുണ്ടെന്ന് അടുത്തിടെ പുറത്തുവന്ന സി.എന്‍.എന്‍. സര്‍വേ സൂചിപ്പിച്ചിരുന്നു. അതിനാല്‍ വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണം തിരഞ്ഞെടുപ്പില്‍ എന്ത് സ്വാധീനം ചെലുത്തുമെന്നതും ശ്രദ്ധേയമാണ്.
2026 നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കന്‍ സുപ്രീംകോടതി പരിഗണിക്കുന്ന തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്‍ ഏറ്റവും പുതിയതാണ് ഈ കേസ്. തപാല്‍ വോട്ടുകള്‍ അയയ്ക്കുന്ന രീതിയില്‍ രാജ്യവ്യാപകമായി മാറ്റം വരുത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം സെപ്റ്റംബര്‍ മധ്യത്തില്‍ സുപ്രീംകോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വോട്ടവകാശവുമായി ബന്ധപ്പെട്ട നിയമവ്യാഖ്യാനങ്ങളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ചര്‍ച്ചയായി തുടരുകയാണ്.
അമേരിക്കയില്‍ വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വോട്ടിങ്ങിന് നിയന്ത്രണം; ന്യൂഹാംഷെയറിന് സുപ്രീംകോടതിയുടെ അനുമതി
