ടിബറ്റില്‍ ശക്തമായ ഭൂചലനം; തീവ്രത 7

ടിബറ്റില്‍ ശക്തമായ ഭൂചലനം; തീവ്രത 7


ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ടിബറ്റില്‍ വ്യാഴാഴ്ച രാത്രി റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രാദേശിക സമയം രാത്രി 10.33-നാണ് ഭൂചലനമുണ്ടായതെന്ന് ചൈന എര്‍ത്ത്ക്വേക്ക് നെറ്റ്വര്‍ക്ക്സ് സെന്റര്‍ അറിയിച്ചു. വടക്കന്‍ ടിബറ്റിലെ നാഗ്കു മേഖലയിലായിരുന്നു പ്രഭവകേന്ദ്രം. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് ഏകദേശം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പ്രദേശത്തെ ഭൂപ്രകൃതി ഉയര്‍ന്ന പര്‍വതനിരകളാല്‍ സമ്പന്നമാണ്. പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സമുദ്രനിരപ്പില്‍നിന്ന് ശരാശരി 4,864 മീറ്റര്‍ ഉയരമുണ്ടെന്നാണ് കണക്ക്.

ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. 2024 ജനുവരിക്കുശേഷം ചൈനയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.

പുതിയ ഭൂചലനം 2010-ല്‍ മേഖലയിലുണ്ടായ വന്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ വീണ്ടും ഉണര്‍ത്തി. സമീപപ്രവിശ്യയായ ക്വിങ്ഹായിലെ യൂഷുവില്‍ അന്ന് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രഭവകേന്ദ്രത്തില്‍നിന്ന് ഏകദേശം 280 കിലോമീറ്റര്‍ അകലെയായിരുന്നു ദുരന്തമുണ്ടായ പ്രദേശം.

അന്നത്തെ ഭൂചലനത്തില്‍ കുറഞ്ഞത് 2,698 പേര്‍ മരിക്കുകയും 300-ഓളം പേരെ കാണാതാവുകയും ചെയ്തിരുന്നു.

നേപ്പാള്‍- ചൈന അതിര്‍ത്തിപ്രദേശങ്ങളില്‍ ഓഗസ്റ്റ് 26-ന് ഉണ്ടായ മിന്നല്‍പ്രളയത്തിനും മണ്ണിടിച്ചിലിനും ആഴ്ചകള്‍ക്കുശേഷമാണ് പുതിയ ഭൂചലനം. പുതുക്കിയ കണക്കുകള്‍ പ്രകാരം അന്നത്തെ ദുരന്തത്തില്‍ 1,400-ലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തിരുന്നു.

നേപ്പാളിനും ചൈനയുടെ ടിബറ്റ് സ്വയംഭരണ മേഖലയ്ക്കും ഇടയിലുള്ള അതിര്‍ത്തിക്കടുത്ത് ഒരു ഹിമാനി തകര്‍ന്നതിനെത്തുടര്‍ന്നാണ് മണ്ണിടിച്ചിലും മിന്നല്‍പ്രളയവും ഉണ്ടായത്. താഴ്വരകളിലൂടെ കുത്തിയൊഴുകിയ വെള്ളവും മണ്ണും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി.

ദുരന്തത്തിനുശേഷം ആഴ്ചകളോളം തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍ന്നിരുന്നു. ദുരന്തബാധിത പ്രദേശങ്ങളില്‍ 6,000-ത്തിലധികം പേരെ ഇപ്പോഴും കാണാതായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വ്യാഴാഴ്ചത്തെ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ ആഘാതം, ആളപായം, കെട്ടിടങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.