വാഷിംഗ്്ടണ്‍: നവംബര്‍ 3ന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഗോള എണ്ണവില ഉയര്‍ത്താന്‍ ഇറാന്‍ ശ്രമിക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ എണ്ണ ഇപ്പോള്‍ കടന്നുപോകുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ വ്യാജ ആക്രമണങ്ങളും കുഴിബോംബ് ഭീഷണികളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇറാന്‍ കെട്ടിച്ചമയ്ക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആരോപണങ്ങള്‍ ഉന്നയിച്ചത്. നവംബര്‍ 3ന് നടക്കുന്ന യു എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് എണ്ണവില ഉയര്‍ത്താന്‍ ഇറാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് അദ്ദേഹം കുറിച്ചു. ഇറാന്‍ ഭരണകൂടത്തെ 'ദുഷ്ടഭരണകൂടം' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങളെക്കുറിച്ചും വിമര്‍ശനമുന്നയിച്ചു.
ഏഴ് മാസത്തില്‍ താഴെയുള്ള കാലയളവിനിടെ ഇറാനില്‍ 75,000 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടുവെന്നും ട്രംപ് ആരോപിച്ചു. പ്രതിഷേധക്കാരെയും തങ്ങളുടെ വഴിയില്‍ തടസ്സമാകുന്ന മറ്റുള്ളവരെയും ഇറാന്‍ ഭരണകൂടം കൊലപ്പെടുത്തുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ലോകസമൂഹവും അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന് തോന്നുന്നതില്‍ അത്ഭുതമുണ്ടെന്നും ട്രംപ് പ്രതികരിച്ചു. ഇറാന്‍ ഭരണകൂടത്തിന്റെ നടപടികളുടെ ഗൗരവം അമേരിക്കന്‍ ജനതയും ലോകവും തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവപരിപാടിയിലുള്ള തന്റെ നിലപാട് ആവര്‍ത്തിച്ച ട്രംപ്, ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
