ഗ്യാനേഷ്‌ കുമാറിന് കേരളത്തിൽ അഴിമതി കുരുക്ക്; വിജിലൻസ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്, സിഇസി പ്രൊട്ടക്ഷന്‍ തടസമല്ലെന്ന് ചെന്നിത്തല

ഗ്യാനേഷ്‌ കുമാറിന് കേരളത്തിൽ അഴിമതി കുരുക്ക്; വിജിലൻസ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്, സിഇസി പ്രൊട്ടക്ഷന്‍ തടസമല്ലെന്ന് ചെന്നിത്തല


തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രാജി ആവശ്യപ്പെടുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ ഗ്യാനേഷ്‌ കുമാർ 2006 ൽ കേരളത്തിൽ പൊതുമരാമത്ത് സെകട്ടറിയായിരിക്കേ രജിസ്റ്റർ ചെയ്‌ത വിജിലൻസ് കേസിലാണ് പുനരന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് കേസെടുക്കാൻ ഉത്തരവിട്ട വിവരം ആഭ്യന്തര മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഈ ആരോപണങ്ങളെക്കുറിച്ച് 2006-ൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ നിയമോപദേശത്തിനായി ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹൈക്കമാൻഡുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് ഗ്യാനേഷ് കുമാറിനെതിരെ രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെപിസിസി നിർവ്വാഹകസമിതി അംഗം മലയൻകീഴ് വേണുഗോപാൽ ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിലാണ് രണ്ട് പതിറ്റാണ്ടു മുമ്പുള്ള ഫയലുകൾ വീണ്ടും തുറക്കുന്നത്. 2006ൽ കേരളം വലിയ രീതിയിൽ ചർച്ച ചെയ്തതാണ് മലേഷ്യൻ കമ്പനി പതിബെൽ ഉൾപ്പെട്ട കെഎസ്ടിപി അഴിമതി ആരോപണം.

തിരുവനന്തപുരം- അങ്കമാലി സ്റ്റേറ്റ് ഹൈവേ വികസനത്തിൻ്റെ കരാർ ഏറ്റെടുത്ത പതിബെൽ എന്ന മലേഷ്യൻ കമ്പനിയുടെ എൻജിനീയർ ലീസി ബീൻ ആത്മഹത്യ ചെയ്‌തത് ഗ്യാനേഷ് കുമാറിൻ്റെ ഇടപെടൽ കാരണമാണെന്നും ബില്ലുകൾ തടഞ്ഞു വച്ച് പീഡിപ്പിച്ചതാണെന്ന് അദ്ദേഹത്തിൻ്റെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു.

അന്ന് കേരളത്തിലെ റോഡുകളുടെ വികസനത്തിനായി ഗ്യാനേഷ്‌ കുമാർ മുൻകൈ എടുത്ത് രൂപീകരിച്ച കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്‌ടിൽ (കെഎസ്‌ടിപി) യിൽ വ്യാപക അഴിമതി ആരോപണം ഉയരുകയും ചെയ്‌തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്ന് അധികാരത്തിലിരുന്ന വിഎസ് അച്യുതാനന്ദൻ സർക്കരാണ് ഗ്യാനേഷ്‌ കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഗ്യാനേഷ്‌ കുമാറിനെ സ്ഥലം മാറ്റിയെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷൻ നേടി കേരളം വിട്ടതോടെ അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ് അന്വേഷണം നിലച്ചു.

പുനഃരന്വേഷണവും രാജ്യവ്യാപക പ്രക്ഷോഭവും

ഗ്യാനേഷ്‌ കുമാറിനെതിരെ ഇപ്പോൾ രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നപ്പോഴാണ് അന്നത്തെ വിഎസ് സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആണ് മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യാകുറിപ്പിൽ ഗ്യാനേഷ്‌ കുമാറിൻ്റെ പേരുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. ലോകബാങ്ക് സഹായത്തോടെ എംസി റോഡിലെ 127 കിലോമീറ്റർ നിർമ്മാണം 215 കോടിക്കുള്ള കരാ‌ർ ആയിരുന്നു പതിബെൽ കൺസോർഷ്യത്തിന് ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാറിന് വീഴ്ച വന്നു. പിന്നാലെ കമ്പനിയുടെ 17 കോടിയുടെ ബില്ലുകൾ തടഞ്ഞു. പിഡബ്ല്യുഡി സെക്രട്ടറി ഗ്യാനേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കമ്പനിയുടെ ആരോപണം. സമ്മർദ്ദം താങ്ങാനാകാതെയാണ് പതിബെൽ ചിഫ് എഞ്ചിനിയറായിരുന്ന ലീ സി ബിൻ ആത്മഹത്യ ചെയ്തത്. 

മലേഷ്യയിലെ സുബാങ് ജയ പാർക്കിലെ തടാകത്തിന് സമീപത്തെ ഇരുമ്പ് പാലത്തിലായിരുന്നു തൂങ്ങിമരണം. കമ്പനി മേധാവി റോസ് ലീക്കും ഭാര്യക്കും രണ്ട് ആത്മഹത്യാകുറിപ്പുകൾ ബിൻ എഴുതിയിരുന്നു. രണ്ടിലും ഗ്യാനേഷ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞിരുന്നതായി അന്നേ വിവരമുണ്ടായിരുന്നു. സർക്കാരിനു നൽകിയ കത്തിലും ആത്മഹത്യാകുറിപ്പിലും എഞ്ചിനീയർ ലീ ഗ്യാനേഷ്‌ കുമാറിനെ പേരെടുത്ത് പരാമർശിച്ചിട്ടുണ്ടായിരുന്നു. ഇടത് സർക്കാറിൻ്റെ കാലത്താണ് ബിൽ തടഞ്ഞുവെക്കുന്നതും ഉയർന്ന പരാതികളിൽ വിജിലൻസ് അന്വേഷണം നടന്നതും. കാര്യമായൊന്നും കണ്ടെത്താതെ അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം വീണ്ടും നടത്താനാണ് സർക്കാർ തീരുമാനം.

ഗ്യാനേഷ് കുമാർ അഴിമതിക്കാരനെന്ന് പരാതിക്കാരൻ

ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന ഒരു ഉദ്യോഗസ്ഥൻ ഒരു വലിയ അഴിമതിക്കാരൻ കൂടിയാണെന്ന് ഇന്ത്യയിലെ ജനങ്ങൾ അറിയണമെന്നും ഇദ്ദേഹത്തെ അഴിമതിക്കേസിൽ ജയിലിടയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരാതി നൽകിയതെന്നും പരാതിക്കാരൻ പറഞ്ഞു. 20 വർഷം പഴക്കമുള്ള കേസാണെങ്കിൽ പോലും പുനഃരന്വേഷണം നടത്തുന്നതിൽ നിയമപരമായി ഒരു തെറ്റുമില്ലെന്ന് നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഗ്യാനേഷ് കുമാറിൻ്റെ പേരിൽ അഴിമതി ആരോപണം മാത്രമല്ല, ആത്മഹത്യാ പ്രേരണ കൂടിയുണ്ട് 20 വർഷം മുൻപത്തെ കേസായതിനാൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ എന്ന നിലയിലുള്ള പരിരക്ഷ ലഭിക്കുകില്ലെന്നും നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

എം.സി റോഡ് വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടം വിലയിരുത്തിയ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) ഗുരുതരമായ കണ്ടെത്തലുകളും വി.എ.സി.ബി. അന്വേഷണത്തിന് ഉത്തരവിടുമ്പോൾ ആഭ്യന്തര വകുപ്പ് പരിഗണിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് കൃത്യമായ ഫീൽഡ് ഓഡിറ്റ് നടത്താതെ PATI-BEL എന്ന കമ്പനിക്ക് വലിയ തുക പലിശരഹിത മുൻകൂറായി നൽകിയതിന് പൊതുമരാമത്ത് വകുപ്പിനെ സിഎജി കുറ്റപ്പെടുത്തിയിരുന്നു.

ഭരണപരമായ കഴിവുകേട്, ഭാഗിക ബില്ലുകൾ അംഗീകരിക്കുന്നതിലുണ്ടായ അമിതമായ കാലതാമസം, റോഡ് പുനർരൂപകൽപ്പനയ്ക്കുള്ള നിർദ്ദേശങ്ങൾ വൈകിപ്പിക്കൽ, നിർമ്മാണ കമ്പനിക്ക് അനുകൂലമായി കരാർ വ്യവസ്ഥകളും ഉടമ്പടിയും മാറ്റുന്നതിനായി ചെലവ് വർദ്ധനവ് എന്ന കാരണം 'സംശയാസ്പദമായ' രീതിയിൽ ചൂണ്ടിക്കാണിക്കൽ എന്നിവയ്ക്കും പൊതുമരാമത്ത് വകുപ്പിനെ സിഎജി വിമർശിച്ചു. സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടം ഏകദേശം 92 കോടി രൂപയാണെന്ന് സിഎജി കണക്കാക്കിയത്. ഇത് അഴിമതി വിരുദ്ധ അന്വേഷണം പുതുതായി ആരംഭിക്കുന്നതിനുള്ള നിയമപരമായ അടിത്തറയൊരുക്കിയെന്നും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

നിയമപരമായ നടപടികളുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി

ചീഫ് ഇലക്ഷന്‍ കമ്മിഷന്‍ ഗ്യാനേഷ് കുമാറിനെതിരെ ഒരു പരാതി ലഭിച്ചെന്നും അത് വിശദമായി പരിശോധിച്ചപ്പോള്‍ അതിനകത്ത് കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇത് വളരെ ഗൗരവമുള്ള ഒരു കേസായി കണ്ട് നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാനാണ് വിജിലന്‍സ് ഡറക്‌ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം നടത്തി മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ വിജിലന്‍സ് അന്വേഷണം അനിവാര്യമാണ് എന്ന് ബോധ്യപ്പെട്ടു. ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. അതിനുശേഷമാണ് ഇന്നതലെതന്നെ മനോജ് എബ്രഹാമിന് വിശദമായ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. വാസ്‌തവത്തില്‍ ഇത് തേച്ചു മാച്ചു കളഞ്ഞു പോയ ഒരു കേസാണിത്. അന്ന് അച്യുതാന്ദന്‍ ഗവണ്‍മെൻ്റ് അധികാരത്തില്‍വന്ന ശേഷം ഈ കേസ് മുന്നോട്ടു പോയില്ല. പിന്നീട് അദ്ദേഹത്തെ ട്രാന്‍സ്ഫര്‍ ചെയ്‌ത് ഡല്‍ഹിയിലേക്ക് പോയി. പിന്നീട് കേരളത്തിലേക്ക് തിരിച്ചുവന്നിട്ടില്ല.

നിയമപരമായി മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചു. ഗ്യാനേഷ് കുമാര്‍ 2006-ല്‍ പിഡബ്ല്യുഡി സെക്രട്ടറിആയിരുന്ന കാലത്തെ ഒരു കാര്യത്തെ സംബന്ധിച്ച അന്വേഷണമാണ്. അതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരന്വേഷണത്തിൻ്റെ തുടര്‍ച്ചയാണ് ഈ അന്വേഷണം. അതുകൊണ്ടുതന്നെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ എന്നുള്ള പ്രൊട്ടക്ഷന്‍ ഗ്യാനേഷ് കുമാറിന് ലഭിക്കില്ല എന്നും അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.