നാഷ്വില്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കല്‍ പരാജയപ്പെട്ട സംഭവത്തെ തുടര്‍ന്ന് ടെന്നസി സംസ്ഥാനത്തെ ജയില്‍ സംവിധാനത്തിന്റെ മേധാവി ഫ്രാങ്ക് സ്ട്രാഡ രാജിവെച്ചു. ടെന്നസി ഗവര്‍ണര്‍ ബില്‍ ലീയാണ് രാജി പ്രഖ്യാപിച്ചത്.
ടെന്നസി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍ കമ്മീഷണറായ സ്ട്രാഡ, സംഭവത്തില്‍ എന്താണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കാന്‍ സ്വതന്ത്ര അന്വേഷണം നടക്കുന്നതിനിടെ രാജിവെക്കുന്നത് സംസ്ഥാനത്തിന്റെ 'താത്പര്യങ്ങള്‍ക്ക് ഏറ്റവും ഉചിതമായ നടപടി'യാണെന്ന് വ്യക്തമാക്കി.
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പൈക്കിനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി അവരുടെ അഭിഭാഷകര്‍ അറിയിച്ചു. പൈക്കിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മെഡിക്കല്‍ സംഘം തുടരുകയാണെന്ന് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ അഭിഭാഷകര്‍ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വധശിക്ഷാ നടപടിക്രമത്തിന്റെ ഭാഗമായി പൈക്കിന് നല്‍കിയ മരുന്നിന്റെ രണ്ട് ഡോസുകളുടെ പ്രഭാവം നീക്കം ചെയ്യാനുള്ള ചികിത്സയും ഡോക്ടര്‍മാര്‍ തുടരുകയായിരുന്നുവെന്ന് അഭിഭാഷകര്‍ പറഞ്ഞു.
