തീവ്രവാദ ആശയങ്ങളുമായി ബന്ധമെന്ന് സംശയം; വിമാനത്തിനുള്ളിൽ ക്യാപ്റ്റനെ കുത്തിയ സംഭവത്തിൽ അന്വേഷണം
ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തിന്റെ ക്യാപ്റ്റനെ കുത്തുകയും വിമാനം നിലത്തേക്ക് അപകടകരമായി താഴേക്ക് പതിക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്ത കോ പൈലറ്റിന് ഒമാനിൽ നേരത്തെ തന്നെ വിമാനമോടിക്കുന്നതിന് വിലക്കുണ്ടായിരുന്നതായി റിപ്പോർട്ട്. ഇയാൾ തീവ്ര ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതിനെക്കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് ഒമാൻ അധികൃതർ വിലക്ക് ഏർപ്പെടുത്തിയതെന്നാണ് സംഭവത്തെക്കുറിച്ച് അറിവുള്ളവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
വിലക്ക് നിലവിലുണ്ടായിരുന്നിട്ടും ഇയാളെ ഫ്‌ളൈ ദുബായ് ജോലിക്കെടുത്തതായാണ് വിവരം. ഇതോടെ യുഎഇയും ഇസ്രയേലും തമ്മിലുള്ള പ്രധാന വ്യോമപാതകളിലൊന്നിൽ സർവീസ് നടത്തുന്ന വിമാനത്തിൽ ഇയാൾക്ക് കോ പൈലറ്റായി ജോലി ചെയ്യാൻ അവസരം ലഭിച്ചു. ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചവർ പറയുന്നത്.
ഒമാൻ അധികൃതർ ഇയാളെക്കുറിച്ചുള്ള ആശങ്കകൾ മറ്റ് രാജ്യങ്ങളുമായോ വിമാനക്കമ്പനികളുമായോ പങ്കുവച്ചിരുന്നോയെന്ന കാര്യം വ്യക്തമല്ല. ഇയാൾ ഏത് തരത്തിലുള്ള തീവ്ര ആശയങ്ങളിലേക്കാണ് ആകർഷിക്കപ്പെട്ടതെന്നതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ യുഎഇയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ അന്തിമഫലം മുൻകൂട്ടി നിശ്ചയിക്കുകയോ അന്വേഷണത്തെ ബാധിക്കുകയോ ചെയ്യാതിരിക്കാനാണ് ഒമാനിലെ ഇയാളുടെ മുൻകാല ചരിത്രത്തെക്കുറിച്ച് പ്രതികരിക്കാത്തതെന്ന് യുഎഇ വക്താവ് വ്യക്തമാക്കി.
ഫ്‌ളൈ ദുബായ് ഫ്‌ളൈറ്റ് 1073ൽ നടന്ന സംഭവത്തെ ഭീകരാക്രമണമായി കണക്കാക്കുന്നതായി യുഎഇ ഭരണാധികാരിയുടെ മുതിർന്ന ഉപദേഷ്ടാവും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വെള്ളിയാഴ്ച പ്രതികരിച്ചു. കോ പൈലറ്റ് ഇസ്‌ലാമിക തീവ്രവാദ ആശയങ്ങളിലേക്ക് വഴിമാറിയിരുന്നുവെന്നും യാത്രക്കാരുമായി വിമാനം തകർക്കുകയായിരുന്നു ലക്ഷ്യമെന്നും നെതന്യാഹു ആരോപിച്ചു.
വിമാനത്തിനുള്ളിൽ കോ പൈലറ്റ് ക്യാപ്റ്റനെ കുത്തിയതിനെ തുടർന്ന് വിമാനം നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ യാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമതയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
സംഭവം വിമാനസുരക്ഷാ സംവിധാനത്തിലെ ഗുരുതര വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധർ വിലയിരുത്തി. ആയുധം സുരക്ഷാ പരിശോധന മറികടന്ന് വിമാനത്തിനുള്ളിൽ എത്തിയത് പരിശോധനയിലെ പിഴവാകാമെങ്കിലും, ആക്രമണത്തിന് സാധ്യതയുള്ള വ്യക്തിയെ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പുതന്നെ തിരിച്ചറിയാനും തടയാനും കഴിയേണ്ടതായിരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം, കോ പൈലറ്റിന്റെ മുൻകാല പശ്ചാത്തലം, ഒമാൻ ഏർപ്പെടുത്തിയതായി പറയുന്ന വിലക്കിന്റെ കാരണം, ഫ്‌ളൈ ദുബായിലെ നിയമനത്തിന് മുമ്പ് നടത്തിയ സുരക്ഷാ പരിശോധനകൾ, വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള വിവര കൈമാറ്റം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച അന്തിമ നിഗമനം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
