50 രാജ്യങ്ങൾക്ക് 20,000 ഡോളർ വരെ വിസ ബോണ്ട് ഏർപ്പെടുത്തി അമേരിക്ക; ഇന്ത്യയെ ഒഴിവാക്കി

50 രാജ്യങ്ങൾക്ക് 20,000 ഡോളർ വരെ വിസ ബോണ്ട് ഏർപ്പെടുത്തി അമേരിക്ക; ഇന്ത്യയെ ഒഴിവാക്കി


വിനോദസഞ്ചാരം, ബിസിനസ് ആവശ്യങ്ങൾക്കായി യു.എസ് വിസയ്ക്ക് (B1/B2) അപേക്ഷിക്കുന്ന 50 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് 20,000 ഡോളർ (ഏകദേശം 17 ലക്ഷം രൂപ) വരെ വിസ ബോണ്ട് ഏർപ്പെടുത്തിയുള്ള നിയമം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി. എന്നാൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളെ ഈ നിബന്ധനയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.

എഎൻഐ റിപ്പോർട്ട് ചെയ്ത സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വിവരങ്ങൾ പ്രകാരം, ബാധകമായ അപേക്ഷകർ 10,000, 15,000 അല്ലെങ്കിൽ 20,000 ഡോളർ കെട്ടിവെക്കേണ്ടി വരും. വിസ അഭിമുഖത്തിനിടെ കോൺസുലാർ ഉദ്യോഗസ്ഥനായിരിക്കും തുക നിശ്ചയിക്കുക.ഇത് വിസ ഫീസല്ല. യാത്രക്കാർ വിസ കാലാവധിക്കുള്ളിൽ യു.എസ് വിടുകയും നിയമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ ഈ തുക പൂർണ്ണമായും തിരികെ ലഭിക്കും. യു.എസിൽ എത്തിയ ശേഷം വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നത് തടയുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.

ഈ ബോണ്ട് വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യൻ സഞ്ചാരികൾക്ക് ബാധകമായ സാധാരണ വിസ അപേക്ഷാ നടപടികളോ യോഗ്യതാ മാനദണ്ഡങ്ങളോ ഇത് ഇല്ലാതാക്കുന്നില്ല.  യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹோம்ലാൻഡ് സെക്യൂരിറ്റിയുടെ 'ഓവർസ്റ്റേ' കണക്കുകൾ പ്രകാരമാണ് രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യക്കാർക്കിടയിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കുറവായതിനാലാണ് ഇന്ത്യയെ ഇതിൽ നിന്നും ഒഴിവാക്കിയത്.

ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നിവയും പട്ടികയിൽ

വെള്ളിയാഴ്ച പുറത്തിറക്കിയ പുതുക്കിയ പട്ടികയിൽ ആഫ്രിക്ക, കരീബിയൻ മേഖല, മധ്യേഷ്യ, പസഫിക് മേഖല എന്നിവിടങ്ങളിലെ രാജ്യങ്ങളും ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ പലതും ഉൾപ്പെടുന്നു. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പാസ്‌പോർട്ട് ഉടമകൾക്ക് ജനുവരി 21 മുതൽ ഈ വ്യവസ്ഥ ബാധകമാണ്; ഭൂട്ടാനെ ജനുവരി 1 മുതലാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഈ പദ്ധതിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളെ തിരിച്ചറിയുന്നതിനായി, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പുറത്തുവിട്ട, അനുവദിച്ചതിലും കൂടുതൽ കാലം രാജ്യത്ത് തങ്ങുന്ന സന്ദർശകരെക്കുറിച്ചുള്ള വിവരങ്ങളാണ് ഉപയോഗിക്കുന്നത്. അനുവദിക്കപ്പെട്ട കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 

നിർദ്ദേശം ലഭിക്കുമ്പോൾ മാത്രം പണമടയ്ക്കുക

നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മുൻപ് പണമടയ്ക്കുന്നതിനെതിരെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പദ്ധതിയുടെ പരിധിയിൽ വരുന്ന അപേക്ഷകർ DHS ഫോം I-352 സമർപ്പിക്കുകയും, യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ Pay.gov വഴി ബോണ്ട് വ്യവസ്ഥകൾ അംഗീകരിക്കുകയും വേണം. "ഒരു കോൺസുലാർ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചതിന് ശേഷം മാത്രമേ അപേക്ഷകർ ബോണ്ട് കെട്ടിവെക്കുന്നതിനായി ഫോം I-352 സമർപ്പിക്കാവൂ," എന്ന് അധികൃതർ വ്യക്തമാക്കി. അപേക്ഷകനോ ബന്ധു, സുഹൃത്ത്, ബിസിനസ് പങ്കാളി തുടങ്ങിയ മൂന്നാം കക്ഷിയോ ഈ തുക കെട്ടിവെക്കാവുന്നതാണ്. ബോണ്ട് വ്യവസ്ഥകൾ പാലിച്ചുകഴിഞ്ഞാൽ, തുക കെട്ടിവെച്ച വ്യക്തിക്ക് തന്നെ അത് തിരികെ ലഭിക്കും. പണം കെട്ടിവെക്കുന്നത് വിസ ലഭിക്കുമെന്ന് ഉറപ്പുനൽകുന്നില്ല.

യാത്രാമാർഗങ്ങളിലും നിയന്ത്രണം

ഈ ബോണ്ട് പദ്ധതിയിൽ ഉൾപ്പെടുന്ന യാത്രക്കാർ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെനിന്ന് മടങ്ങുന്നതിനുമുള്ള രീതികളെക്കുറിച്ചും വ്യവസ്ഥകളുണ്ട്. റിപ്പോർട്ട് പ്രകാരം, ഇവർ വാണിജ്യ വിമാന സർവീസുകൾ (അർഹമായ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പ്രീ-ക്ലിയറൻസ് സൗകര്യങ്ങൾ ഉൾപ്പെടെ) മാത്രമേ ഉപയോഗിക്കാവൂ. കരമാർഗ്ഗമുള്ള അതിർത്തികൾ വഴിയോ തുറമുഖങ്ങൾ വഴിയോ, അതുപോലെ ജനറൽ ഏവിയേഷൻ, ചാർട്ടർ വിമാനങ്ങൾ വഴിയോ ഉള്ള യാത്രകൾക്ക് ഈ പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരം അനുവാദമില്ല. ബോണ്ട് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനായി, ലംഘന സാധ്യതയുള്ള കേസുകൾ 'യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസി'ലേക്ക് കൈമാറുന്നു. അതുകൊണ്ട്, ഇതുമായി ബന്ധപ്പെട്ട അപേക്ഷകരെ സംബന്ധിച്ചിടത്തോളം, മുൻകൂട്ടിയുള്ള സാമ്പത്തിക ബാധ്യതയും നിശ്ചിത യാത്രാ-മടക്കയാത്രാ വ്യവസ്ഥകൾ പാലിക്കലും ഇതിൽ ഉൾപ്പെടുന്നു.