ഒഹായോ: അമേരിക്കയിലെ ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ നടന്നുകൊണ്ടിരിക്കെ ക്ഷേത്രത്തിന് നേരെ അക്രമികള്‍ ഇഷ്ടികകള്‍ എറിഞ്ഞതായും കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (എച്ച് എ ഫ്) അറിയിച്ചു.
ഒഹായോയിലെ റിച്ച്മണ്ട് ഹൈറ്റ്‌സിലുള്ള ശ്രീ സ്വാമിനാരായണ്‍ വഡ്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് 1.30ഓടെയാണ് അക്രമികള്‍ ക്ഷേത്രത്തിന് നേരെ ഇഷ്ടികകള്‍ എറിഞ്ഞതെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്‌സില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ ക്ഷേത്രത്തിന്റെ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും സംഘടന അറിയിച്ചു. സംഭവത്തിന്റെ നിരീക്ഷണ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും അധികൃതര്‍ അവ പരിശോധിച്ചുവരികയാണെന്നും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് എഫ് ബി ഐയെയും ബന്ധപ്പെട്ട സിവില്‍ റൈറ്റ്‌സ് അധികൃതരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയാണെന്നും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി.
അമേരിക്കയില്‍ ഇന്ത്യന്‍, ദക്ഷിണേഷ്യന്‍ വംശജര്‍ക്കെതിരായ വിദ്വേഷ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണമുണ്ടായതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഹിന്ദു അമേരിക്കന്‍ സമൂഹത്തിനെതിരായ വിദ്വേഷപരമായ പ്രസ്താവനകളും സമീപനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംഭവത്തെ അധികൃതര്‍ ഗൗരവമായി കാണണമെന്നും അക്രമികളെ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇന്ത്യന്‍, ഹിന്ദു അമേരിക്കന്‍ സമൂഹങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സര്‍ക്കാര്‍ ഏജന്‍സികളും പരസ്യമായും വ്യക്തമായും അപലപിക്കണമെന്നും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, കോയലിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം, ഗ്രേറ്റര്‍ ക്ലീവ്‌ലാന്‍ഡ് മേഖലയിലെ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇഷ്ടികകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് ജനാലകള്‍ തകര്‍ന്നു. ആക്രമണം നടക്കുമ്പോള്‍ പുരോഹിതരും ഭക്തരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും സംഘടന അറിയിച്ചു.
