അമേരിക്കയുടെ മാറ്റവും ചൈനയുടെ വളര്‍ച്ചയും ആഗോള രാഷ്ട്രീയ സാഹചര്യത്തെ പുനര്‍നിര്‍വചിക്കുന്നെന്ന് എസ് ജയശങ്കര്‍

അമേരിക്കയുടെ മാറ്റവും ചൈനയുടെ വളര്‍ച്ചയും ആഗോള രാഷ്ട്രീയ സാഹചര്യത്തെ പുനര്‍നിര്‍വചിക്കുന്നെന്ന് എസ് ജയശങ്കര്‍


മ്യൂണിക്: അമേരിക്കയുടെ വിദേശനയത്തിലെ സമൂലമായ മാറ്റം രാജ്യത്തെ കൂടുതല്‍ ഒറ്റപ്പെട്ട ശക്തിയായി മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ചൈനയുടെ ഉയര്‍ച്ചയും വളര്‍ന്നുവരുന്ന, ഇടത്തരം ശക്തികളായ രാജ്യങ്ങളുടെ സ്വയംപര്യാപ്തതയും ചേര്‍ന്ന് ആഗോള രാഷ്ട്രീയ സാഹചര്യത്തെ പുനര്‍നിര്‍വചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടന്ന 62-ാമത് മ്യൂണിക് സുരക്ഷാ സമ്മേളനത്തിലാണ് ജയശങ്കറിന്റെ പരാമര്‍ശം.

ഇന്നത്തെ ആഗോള സാഹചര്യത്തെ പ്രധാനമായും നിര്‍ണയിക്കുന്നത് അമേരിക്കയുടെ സമൂലമായ പുനഃക്രമീകരണമാണെന്നും ഇത് അമേരിക്ക തെരഞ്ഞെടുത്ത നിലപാടാണെന്നും ജയശങ്കര്‍ പറഞ്ഞു.

ചൈനയുടെ ഉയര്‍ച്ചയും തുടര്‍ന്ന് ശക്തമായ അമേരിക്ക- ചൈന മത്സരവും ആഗോള ക്രമത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി വളര്‍ന്നുവരുന്ന രാജ്യങ്ങളും ഇടത്തരം ശക്തികളും വിവിധ രാജ്യങ്ങളുമായുള്ള പങ്കാളിത്തം വൈവിധ്യവത്ക്കരിക്കുകയാണെന്നും ജയശങ്കര്‍ പറഞ്ഞു.

ആഗോള ഉത്പാദനത്തിന്റെ ഏകദേശം മൂന്നിലൊന്ന് ചൈനയുടെ പങ്കാണെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കര്‍, രാജ്യത്തിന്റെ സാമ്പത്തിക ശേഷി ക്രമേണ രാഷ്ട്രീയ സ്വാധീനമായി മാറുകയാണെന്നും വ്യക്തമാക്കി.

സ്വയം സവിശേഷമായ രാജ്യമായി കാണുന്ന ചൈനയുടെ ആത്മധാരണയും പല മേഖലകളിലുമുള്ള അതിന്റെ യഥാര്‍ഥ ശേഷിയും തമ്മില്‍ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും ചൈനയും തമ്മിലുള്ള കടുത്ത മത്സരം ഇരു രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും വിവിധ രാജ്യങ്ങള്‍ക്കുള്ള നേട്ടങ്ങളും സ്വാധീനശേഷികളും പരസ്പരം സമ്മര്‍ദത്തിനും തന്ത്രപരമായ നീക്കങ്ങള്‍ക്കും ഉപയോഗിക്കുന്ന സാഹചര്യമുണ്ടായെന്നും ജയശങ്കര്‍ പറഞ്ഞു.

അമേരിക്ക- ചൈന മത്സരത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവരുന്ന രാജ്യങ്ങളും ഇടത്തരം ശക്തികളും സമതുലിതമായ സമീപനം സ്വീകരിക്കേണ്ടിവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളര്‍ന്നുവരുന്ന രാജ്യങ്ങളും ഇടത്തരം ശക്തികളും സ്വന്തം താത്പര്യങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുകയും സ്വയംപര്യാപ്തതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്നതായി അദ്ദേഹം വിശദമാക്കി. 

ചര്‍ച്ചകളിലും ചര്‍ച്ചകളിലൂടെയുള്ള ധാരണകളിലും തങ്ങള്‍ക്ക് എന്ത് സംഭാവന ചെയ്യാനാകുമെന്നത് രാജ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ വിലയിരുത്തുകയാണ്. സാമ്പത്തിക, സുരക്ഷാ മേഖലകള്‍ക്കപ്പുറം വിതരണശൃംഖലകള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളതാക്കുന്നതിനും രാജ്യങ്ങള്‍ ശ്രദ്ധ നല്‍കുന്നു.

എല്ലാ വിഷയങ്ങളിലും ഒരേ നിലപാട് സ്വീകരിക്കണമെന്നില്ലെന്നും പൊതുതാത്പര്യമുള്ള മേഖലകളില്‍ മാത്രം സഹകരിക്കാനും രാജ്യങ്ങള്‍ തയ്യാറാകുന്ന പുതിയ രീതിയാണ് രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ന്നുവരുന്ന രാജ്യങ്ങളുടെയും ഇടത്തരം ശക്തികളുടെയും പ്രവര്‍ത്തനതത്വം പരസ്പര താത്പര്യങ്ങളില്‍ ഒരു പരിധിവരെ പൊരുത്തം കണ്ടെത്തുന്നതായിരിക്കണമെന്നും ജയശങ്കര്‍ വിശദീകരിച്ചു. എല്ലാ വിഷയങ്ങളിലും ഒരേ നിലപാടോ പൂര്‍ണമായ താത്പര്യമോ വേണമെന്ന പഴയ മാനദണ്ഡം ഇന്നത്തെ സാഹചര്യത്തില്‍ വേണ്ടതില്ലെന്നും പൊതുവായ താത്പര്യ മേഖലകളുണ്ടെങ്കില്‍ രാജ്യങ്ങള്‍ക്ക് പരസ്പരം സഹകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായും ചൈനയുമായും ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ, നേരിട്ടുള്ള താത്പര്യസംഘര്‍ഷമില്ലാത്ത മേഖലകളില്‍ രാജ്യങ്ങള്‍ക്ക് പരസ്പരം സഹകരിക്കാനാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക, സുരക്ഷാ മേഖലകളില്‍ മാത്രമല്ല, വിതരണശൃംഖലകളിലും രാജ്യങ്ങള്‍ അപകടസാധ്യത കുറയ്ക്കുന്നതിനും വൈവിധ്യവല്‍ക്കരണത്തിനും മുന്‍ഗണന നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ പ്രമുഖ ശക്തികളല്ലാത്ത രാജ്യങ്ങള്‍ പോലും തങ്ങളുടെ താത്പര്യങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങളില്‍ പരസ്പരം സഹകരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. 

ലാഘവം, പ്രതിരോധശേഷി, പൊതുതാത്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളുടെ സമീപനമാണ് മാറിവരുന്ന ആഗോള ക്രമത്തിന് രൂപം നല്‍കുന്നതെന്നും ജയശങ്കര്‍ വ്യക്തമാക്കി.