വിദേശ വിമാനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ നെതന്യാഹുവിന്റെ നിര്‍ദേശം

വിദേശ വിമാനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ നെതന്യാഹുവിന്റെ നിര്‍ദേശം


ടെല്‍ അവീവ്: ഇസ്രയേലിലേക്കുള്ള വിദേശ സിവിലിയന്‍ വിമാനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സമഗ്രമായി പരിശോധിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി ഷ്മുവല്‍ ബെന്‍ എസ്രയോട് ഇതുമായി ബന്ധപ്പെട്ട് പരിശോധനാ ഉദ്യോഗസ്ഥനെ നിയമിച്ച് സുരക്ഷാ സംവിധാനങ്ങളുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം.

വിദേശ സിവിലിയന്‍ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും സമഗ്രമായി വിലയിരുത്തുന്നതിനായി പരിശോധന നടത്താന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവിയോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രയേലിലേക്കുള്ള ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം പരാജയപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് നടപടി. ഇതോടെ വിദേശ വിമാനക്കമ്പനികള്‍ക്ക് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ പരിശോധനകളും മേല്‍നോട്ട സംവിധാനങ്ങളും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമായി.

അന്താരാഷ്ട്ര വിമാനങ്ങളിലെ സുരക്ഷാ പരിശോധനകള്‍ ഗതാഗത മന്ത്രാലയം വേണ്ടത്ര കാര്യക്ഷമമായി നടത്തുന്നില്ലെന്ന് ഇസ്രയേല്‍ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, വീണ്ടും സുരക്ഷാ പരിശോധന നടത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരായ വിമര്‍ശനങ്ങള്‍ നെതന്യാഹുവിനോട് അടുത്ത വൃത്തങ്ങള്‍ തള്ളി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷാ സംവിധാനത്തിലെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നടപടി സ്വീകരിക്കുന്നത് സ്വാഭാവികവും ഉചിതവുമാണെന്ന് അധികൃതര്‍ പറഞ്ഞു.