വരുമാന നികുതി ഒഴിവാക്കൽ, വസ്തുനികുതി കുറയ്ക്കൽ; ഒഹായോയിൽ വിവേക് രാമസ്വാമിയുടെ സാമ്പത്തിക പരിഷ്‌കാര വാഗ്ദാനങ്ങൾ

വരുമാന നികുതി ഒഴിവാക്കൽ, വസ്തുനികുതി കുറയ്ക്കൽ; ഒഹായോയിൽ വിവേക് രാമസ്വാമിയുടെ സാമ്പത്തിക പരിഷ്‌കാര വാഗ്ദാനങ്ങൾ


ഒഹായോ : ഒഹായോ ഗവർണർ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി സംസ്ഥാന വരുമാന നികുതി ഘട്ടംഘട്ടമായി ഒഴിവാക്കുക, വസ്തുനികുതി ഗണ്യമായി കുറയ്ക്കുക, മെഡിക്കെയ്ഡ് തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങളാക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥി ആമി ആക്ടണിനെതിരായ മത്സരത്തിലാണ് രാമസ്വാമി ഈ സാമ്പത്തികഭരണപരിഷ്‌കാര നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

ആദ്യഘട്ടത്തിൽ മൂലധന നേട്ടത്തിനുള്ള സംസ്ഥാന നികുതി ഒഴിവാക്കുകയും തുടർന്ന് എട്ട് മുതൽ പത്ത് വർഷത്തിനുള്ളിൽ വ്യക്തിഗത വരുമാന നികുതി പൂർണമായി ഒഴിവാക്കുകയുമാണ് അദ്ദേഹത്തിന്റെ പദ്ധതി. നികുതി കുറയ്ക്കുന്നതിലൂടെ നിക്ഷേപവും വ്യവസായങ്ങളും തൊഴിലാളികളും ഒഹായോയിലേക്ക് കൂടുതൽ എത്തുമെന്നും സാമ്പത്തിക വളർച്ചയിലൂടെയും സർക്കാർ ചെലവിലും ബ്യൂറോക്രസിയിലും കുറവുവരുത്തുന്നതിലൂടെയും വരുമാന നഷ്ടം നികത്താനാകുമെന്നുമാണ് രാമസ്വാമിയുടെ വാദം.

എന്നാൽ നികുതി ഇളവിന്റെ പ്രയോജനം ഉയർന്ന വരുമാനക്കാർക്കാണ് കൂടുതലായി ലഭിക്കുകയെന്ന വിലയിരുത്തലുണ്ട്. മൂലധന നേട്ട നികുതി ഒഴിവാക്കിയാൽ ലഭിക്കുന്ന ആനുകൂല്യത്തിന്റെ 55.6 ശതമാനം പ്രതിവർഷം 10 ലക്ഷം ഡോളറിലധികം വരുമാനമുള്ളവർക്ക് ലഭിക്കുമെന്നാണ് ഗവേഷകരുടെ കണക്ക്. അതേസമയം ഒരു ലക്ഷം ഡോളറിൽ താഴെ വരുമാനമുള്ളവർക്ക് ലഭിക്കുന്ന നേട്ടം 7.3 ശതമാനം മാത്രമായിരിക്കും.

വസ്തുനികുതി പൂർണമായി ഒഴിവാക്കണമെന്ന മുൻ നിർദേശത്തിൽനിന്ന് മാറി, മഹാമാരിക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് നികുതി കുറയ്ക്കുകയും ഭാവിയിലെ വർധന നിയന്ത്രിക്കുകയും ചെയ്യണമെന്നാണ് ഇപ്പോഴത്തെ നിർദേശം. പ്രാദേശിക വിദ്യാഭ്യാസം, പൊലീസ്, അഗ്‌നിരക്ഷാ സേവനങ്ങൾ തുടങ്ങിയവയ്ക്ക് പ്രധാന വരുമാന സ്രോതസ്സായ വസ്തുനികുതി കുറയ്ക്കുന്നത് പ്രാദേശിക ഭരണകൂടങ്ങളുടെ വരുമാനത്തെ ബാധിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

മെഡിക്കെയ്ഡ് തട്ടിപ്പ് തടയലാണ് രാമസ്വാമിയുടെ മറ്റൊരു പ്രധാന പ്രചാരണ വിഷയം. ഒഹായോയിൽ മൂന്ന് ദശലക്ഷത്തിലധികം പേർ മെഡിക്കെയ്ഡ് സേവനം ഉപയോഗിക്കുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി 34.2 ബില്യൺ ഡോളറാണ് ചെലവായത്. വ്യാജ ഇടപാടുകളും അനധികൃത ചെലവുകളും കണ്ടെത്തുന്നതിന് പരിശോധനയും നിയമനടപടികളും ശക്തമാക്കണമെന്നും മെഡിക്കെയ്ഡ് ഭരണസംവിധാനം ലളിതമാക്കണമെന്നും രാമസ്വാമി ആവശ്യപ്പെടുന്നു.