കാലിഫോർണിയയിൽ കൊടുംചൂട്; 3.5 കോടി പേർക്ക് ജാഗ്രത നിർദേശം

കാലിഫോർണിയയിൽ കൊടുംചൂട്; 3.5 കോടി പേർക്ക് ജാഗ്രത നിർദേശം


കാലിഫോർണിയ: ഒക്ടോബറിലും തുടരുന്ന അതിശക്തമായ ഉഷ്ണതരംഗത്തെ തുടർന്ന് കാലിഫോർണിയയിൽ 3.5 കോടിയിലധികം പേർക്ക് ചൂട് സംബന്ധിച്ച ജാഗ്രത നിർദേശം. സാധാരണയേക്കാൾ 20 ഡിഗ്രി വരെ ഉയർന്ന താപനിലയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തുന്നത്. സാൻ ഫ്രാൻസിസ്‌കോ ഉൾപ്പെടെയുള്ള വടക്കൻ മേഖല മുതൽ മെക്‌സിക്കൻ അതിർത്തി വരെയുള്ള പ്രദേശങ്ങളിൽ താപനില 90 മുതൽ 100 ഡിഗ്രി ഫാരൻഹീറ്റ് വരെയെത്തുമെന്നാണ് മുന്നറിയിപ്പ്.

ലോസ് ആഞ്ചലസ്, സാൻ ഡിയഗോ എന്നിവിടങ്ങളിൽ അതിശക്തമായ ചൂടിനുള്ള മുന്നറിയിപ്പ് തുടരുകയാണ്. സാൻ ഫ്രാൻസിസ്‌കോ, സാക്രമെന്റോ നഗരങ്ങളിൽ ചൂട് സംബന്ധിച്ച ജാഗ്രതാ നിർദേശവുമുണ്ട്. ഞായറാഴ്ച ലോസ് ആഞ്ചലസ് നഗരത്തിൽ 104 ഡിഗ്രിയും ബേക്കേഴ്‌സ്ഫീൽഡിൽ 103 ഡിഗ്രിയും വരെ താപനില ഉയർന്നു. ശനിയാഴ്ച തെക്കൻ കാലിഫോർണിയയിലെ നിരവധി നഗരങ്ങളിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. വിസ്റ്റയിൽ 108 ഡിഗ്രി രേഖപ്പെടുത്തി.

അതേസമയം, ലൂസിയാന മുതൽ ജോർജിയ വരെയുള്ള തെക്കുകിഴക്കൻ മേഖലകളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പുണ്ട്. ഗൾഫ് തീരമേഖലയിൽ ചിലയിടങ്ങളിൽ ആറ് ഇഞ്ച് വരെ മഴ ലഭിക്കാമെന്നും പ്രാദേശികമായി എട്ട് മുതൽ പത്ത് ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.