തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് (സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവര്‍ക്കാണ് കേരള പ്രഭ പുരസ്‌കാരം. കലാമണ്ഡലം വിമലാ മേനോന്‍ (കല), ഡോ. ടി കെ ജയകുമാര്‍ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസണ്‍ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വര്‍ക്കര്‍), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണ് നല്‍കുന്നത്.
പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍, ഡോ. ബി ഇക്ബാല്‍ എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് സര്‍ക്കാരിന് നാമനിര്‍ദേശം നല്‍കിയത്.
കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം കെ സാനുവിന് കേരള ജ്യോതി പുരസ്‌കാരം