ട്രംപ് മുസ്‌ലിം വിരുദ്ധത പറഞ്ഞു; മിഷിഗണ്‍ സെനറ്റ് പോരാട്ടത്തില്‍ അബ്ദുല്‍ എല്‍സയ്ദ് ശ്രദ്ധാകേന്ദ്രമായി

ട്രംപ് മുസ്‌ലിം വിരുദ്ധത പറഞ്ഞു; മിഷിഗണ്‍ സെനറ്റ് പോരാട്ടത്തില്‍ അബ്ദുല്‍ എല്‍സയ്ദ് ശ്രദ്ധാകേന്ദ്രമായി


വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായി മിഷിഗണ്‍ സെനറ്റ് മത്സരം മാറുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ എല്‍സയ്ദും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ ജനപ്രതിനിധിയുമായ മൈക്ക് റോജേഴ്സും തമ്മിലുള്ള കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. റോജേഴ്സിന് പിന്തുണയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുള്ളപ്പോള്‍, എല്‍സയ്ദിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും പ്രചാരണവേദിയിലെത്തിയതോടെ മത്സരം ദേശീയതലത്തില്‍ ശ്രദ്ധനേടി.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രാഥമിക തെരഞ്ഞെടുപ്പില്‍ മിതവാദിയായ യു എസ് ജനപ്രതിനിധി ഹെയ്ലി സ്റ്റീവന്‍സിനെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എല്‍സയ്ദ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. റിപ്പബ്ലിക്കന്‍ പക്ഷത്ത് റോജേഴ്സാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്.

പണപ്പെരുപ്പം, ഇന്ധനവില, അന്താരാഷ്ട്ര വ്യാപാര തീരുവകള്‍, കാനഡയുമായുള്ള സാമ്പത്തിക ബന്ധങ്ങളുടെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയായ ടെലിവിഷന്‍ സംവാദത്തില്‍ ഇരുവരും ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിനായി വന്‍തോതില്‍ പണമൊഴുക്കുന്നതും മത്സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. റിപ്പബ്ലിക്കന്‍ അനുകൂല സംഘടനകള്‍ ഏകദേശം 10.4 കോടി ഡോളറും ഡെമോക്രാറ്റിക് അനുകൂല സംഘടനകള്‍ 5.5 കോടി ഡോളറും ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.

സര്‍വേകള്‍ എന്തു പറയുന്നു?

2026 ഒക്ടോബര്‍ 22ന് പ്രസിദ്ധീകരിച്ച സി എന്‍ എന്നിന്റെ വിവിധ അഭിപ്രായ സര്‍വേകളുടെ ശരാശരി കണക്കുപ്രകാരം, വോട്ടര്‍മാര്‍ക്കിടയില്‍ എല്‍സയ്ദിന് 49 ശതമാനവും റോജേഴ്സിന് 47 ശതമാനവും പിന്തുണയുണ്ട്. ഇതോടെ മത്സരം ഇഞ്ചോടിഞ്ചാണെന്ന് വ്യക്തമാകുന്നു.

ഒക്ടോബര്‍ 15 മുതല്‍ 18 വരെ നടത്തിയ മാരിസ്റ്റ് പോളിലും ഇരുവരും തമ്മില്‍ രണ്ട് ശതമാനം പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. സര്‍വേയുടെ പിഴവുപരിധി പ്ലസ് അല്ലെങ്കില്‍ മൈനസ് 4.3 ശതമാനം പോയിന്റായതിനാല്‍ ഈ വ്യത്യാസം നിര്‍ണായകമല്ല. ഒക്ടോബര്‍ 19ന് റോയിട്ടേഴ്സ് സമാഹരിച്ച കണക്കുകള്‍ പ്രകാരം, സമീപകാല സര്‍വേകളില്‍ എല്‍സയ്ദിന് ഒന്ന് മുതല്‍ ഏഴ് ശതമാനം പോയിന്റ് വരെ വ്യത്യസ്തമായ മുന്‍തൂക്കവും രേഖപ്പെടുത്തിയിട്ടുണ്ട്.

എല്‍സയ്ദിനെതിരായ പ്രചാരണത്തിലേക്ക് ട്രംപ്

മിഷിഗണ്‍ സെനറ്റ് സ്ഥാനാര്‍ഥിയായ അബ്ദുല്‍ എല്‍സയ്ദിനെതിരെ ട്രംപ് നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ വിവാദത്തിന് വഴിവെച്ചു. എല്‍സയ്ദിനെ പിന്തുണയ്ക്കുന്ന ജൂത വോട്ടര്‍മാര്‍ അങ്ങനെ ചെയ്യുന്നതില്‍ ലജ്ജിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ തേടി ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍, 'മിഷിഗണ്‍ ശക്തമായി രംഗത്തിറങ്ങി പോരാടണമെന്നും ഒരു ജിഹാദിയെ ക്യാപിറ്റലിലേക്ക് കടന്നുവരുന്നതില്‍നിന്ന് തടയണം' എന്നും ട്രംപ് പറഞ്ഞു.

2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം 93 തട്ടിയെടുത്ത ആക്രമികളുമായും ട്രംപ് എല്‍സയ്ദിനെ താരതമ്യം ചെയ്തു. ശനിയാഴ്ച നടത്തിയ മറ്റൊരു പരാമര്‍ശത്തില്‍ എല്‍സയ്ദിനെ 'മുഹമ്മദ്' എന്ന് വിളിക്കുകയും ആ പ്രദേശത്തുനിന്നുള്ളവരുടെ പേരുകളെക്കുറിച്ച് പൊതുവത്ക്കരിച്ച് സംസാരിക്കുകയും ചെയ്തു.

'മിഷിഗണിലെ സ്ഥാനാര്‍ഥിയും അത്ര നല്ലയാളല്ല  ഞാന്‍ അയാളെ മുഹമ്മദ് എന്നാണ് വിളിക്കുന്നത്. ആ പ്രദേശത്തുനിന്നുള്ള ഒരാളുടെ പേര് കേട്ട് സംശയം തോന്നിയാല്‍ അയാളെ 'മുഹമ്മദ്' എന്ന് വിളിച്ചാല്‍ മതി; 64 ശതമാനം സമയത്തും നിങ്ങള്‍ ശരിയായിരിക്കും' എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ട്രംപിന്റെ പ്രസ്താവനകള്‍ വംശീയവും ഇസ്ലാമോഫോബിക് സ്വഭാവമുള്ളതുമാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ഇതോടെ എല്‍സയ്ദിന്റെ സ്ഥാനാര്‍ഥിത്വവും വ്യക്തിത്വവും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളായി.

എല്‍സയ്ദിന് പിന്തുണയുമായി ഒബാമ

ഒക്ടോബര്‍ 24ന് മിഷിഗണിലെ ഡെട്രോയിറ്റിലുള്ള കാസ്സ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എല്‍സയ്ദിനൊപ്പം വേദി പങ്കിട്ടു. എല്‍സയ്ദിന്റെ പേരും മുസ്ലിം വിശ്വാസവും ആയുധമാക്കി അദ്ദേഹത്തെ ആക്രമിക്കുന്ന ട്രംപ് ഉള്‍പ്പെടെയുള്ള വിമര്‍ശകരെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചു.

'ഈ സിനിമ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. അതില്‍ അഭിനയിച്ചത് ഞാനാണ്,'- നിറഞ്ഞുകവിഞ്ഞ സ്‌കൂള്‍ ഓഡിറ്റോറിയത്തെ അഭിസംബോധന ചെയ്ത് ഒബാമ പറഞ്ഞു. തന്റെ ജനനവുമായി ബന്ധപ്പെട്ട് മുന്‍പ് ഉയര്‍ന്ന വിവാദങ്ങളെ പരാമര്‍ശിച്ച്, 'അത് തെളിയിക്കാന്‍ എന്റെ കൈയില്‍ വിശദമായ ജനന സര്‍ട്ടിഫിക്കറ്റുമുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അബ്ദുല്‍ യഥാര്‍ഥ മിഷിഗണ്‍കാരനാണ്' എന്നായിരുന്നു എല്‍സയ്ദിനെക്കുറിച്ചുള്ള ഒബാമയുടെ വിശേഷണം. അദ്ദേഹം തീവ്രവാദിയാണെന്ന ആരോപണവും മുന്‍ പ്രസിഡന്റ് തള്ളി. അബ്ദുല്‍ പങ്കുവെക്കുന്നത് തന്റെ മൂല്യങ്ങളാണെന്ന് ഒബാമ പറഞ്ഞു.

2012ലെ തെരഞ്ഞെടുപ്പിനുശേഷം തന്റെ പുരോഗമനപരമായ പ്രചാരണ വാഗ്ദാനങ്ങളെല്ലാം പാലിച്ചില്ലെന്ന് എല്‍സയ്ദ് തന്നെ വിമര്‍ശിച്ചിരുന്ന കാര്യവും ഒബാമ അംഗീകരിച്ചു.

മതവും പേരും മുന്‍നിര്‍ത്തിയുള്ള ആക്രമണങ്ങള്‍ക്കപ്പുറം സാമ്പത്തിക- വിദേശനയ വിഷയങ്ങളും വോട്ടര്‍മാരുടെ പിന്തുണയും നിര്‍ണായകമാകുന്ന മിഷിഗണ്‍ സെനറ്റ് മത്സരം അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രധാന പോരാട്ടങ്ങളിലൊന്നായി മാറുകയാണ്.