ചെന്നൈ: തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അഴിമതിക്കേസില്‍ കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ തള്ളിയതിന് പിന്നാലെയാണ് നടപടി.
അമിഞ്ചിക്കരൈയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ സ്കൂളുകൾക്ക് സ്ഥിരമായ അംഗീകാരവും അനുമതിയും നൽകുന്നതിന് പകരമായി 100 കോടി രൂപ വരെ കൈക്കൂലി വാങ്ങിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ 177 സ്കൂളുകൾ നിലവില്‍ അന്വേഷണ പരിധിയിലാണ്.
അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് അൻബിൽ മഹേഷ് മുൻകൂർ ജാമ്യം തേടുന്നതെന്ന് പൊലീസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ജോൺ സത്യൻ പറഞ്ഞു. രണ്ടാം പ്രതി മുത്തുകുമാറിൻ്റെ ഡ്രൈവർ സുരേഷ് വഴിയാണ് പണം കൈമാറിയതെന്നും സാധൂകരിക്കുന്ന ഫോട്ടോകള്‍ തെളിവായുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂട്ടർ ജഡ്ജിയോട് പറഞ്ഞു.
"ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ തടസപ്പെടുത്തും. അദ്ദേഹം ഇതിനകം തന്നെ അന്വേഷണത്തിൽ ഇടപെട്ടിട്ടുണ്ട്, ഇനിയും തടസങ്ങൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾ കരുതുന്നു. തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ട്. ഇതുവരെ എട്ട് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും അത് മതിയാകില്ല. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണ്, അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത്" ജോൺ സത്യൻ വ്യക്തമാക്കി.
രാഷ്ട്രീയ നേതാവ് പോകുന്നിടത്തെല്ലാം ഫോട്ടോ എടുക്കപ്പെടാറുണ്ടെന്നും അതിനെ തെളിവായി കണക്കാനാകുമോയെന്നും ജഡ്ജി ചോദിച്ചു. "ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് പോകുന്നിടത്തെല്ലാം ഫോട്ടോ എടുക്കപ്പെടാറുണ്ട്. അത്തരമൊരു ഫോട്ടോ എങ്ങനെ തെളിവായി കണക്കാക്കാനാകും? മുൻ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് ഡിപിഐ (ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ) കോംപ്ലക്സിൽ ഒരു ഓഫീസ് ഉണ്ടായിരുന്നിരിക്കാം ,അവിടെ ഉദ്യോഗസ്ഥരെ കാണുന്നതിൽ തെറ്റായി ഒന്നുമില്ലല്ലോ" ജഡ്ജി ചോദിച്ചു.
ഇനി കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കരുതുന്നുണ്ടെങ്കിൽ, കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിൽ എന്താണ് ചോദിച്ചതെന്നും ജഡ്ജി ചോദ്യമുയര്‍ത്തി. ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ച ശേഷം തീയതി വ്യക്തമാക്കാതെ ജഡ്ജി കേസിൻ്റെ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. പിന്നാലെ മഹേഷ് പൊയ്യാമൊഴി സമർപിച്ച തള്ളിയതായി ജഡ്ജി അറിയിച്ചു.
നൂറ് കോടിയുടെ അഴിമതിക്കേസ്; തമിഴ്നാട് മുൻ മന്ത്രി അൻബിൽ മഹേഷ് അറസ്റ്റില്‍
