ന്യൂഡല്‍ഹി: കര- നാവിക- വ്യോമസേനകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതിന് 2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിലാണ് നിര്‍ണായക തീരുമാനം. അംഗീകരിച്ച ഇടപാടുകളില്‍ ഏകദേശം 82 ശതമാനവും ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തില്‍നിന്ന് സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിര്‍ദിഷ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പ്രാഥമിക ഭരണാനുമതിയായ അക്സെപ്റ്റന്‍സ് ഓഫ് നെസസിറ്റി ആണ് കൗണ്‍സില്‍ നല്‍കിയത്. പീരങ്കി സംവിധാനങ്ങള്‍, അതിവേഗ സഞ്ചാരശേഷിയുള്ള സൈനിക വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍, വ്യോമപ്രതിരോധ ഉപകരണങ്ങള്‍, ഡ്രോണ്‍വിരുദ്ധ സംവിധാനങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍, ദീര്‍ഘദൂര ഡ്രോണുകള്‍, നാവിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, കാലാവസ്ഥാ റഡാറുകള്‍ എന്നിവ വാങ്ങുന്നതിനുള്ള നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
സായുധസേനയുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കും
കരസേനയ്ക്കായി അതിവേഗ സഞ്ചാരശേഷിയുള്ള വാഹനങ്ങള്‍, സ്വയംചലിത ട്രാക്ക്ഡ് പീരങ്കി സംവിധാനങ്ങള്‍, വെടിയേറ്റത് തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍, ലൈറ്റ് മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍, അതീവ ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഡ്രോണ്‍വിരുദ്ധ സംവിധാനങ്ങള്‍, നിരീക്ഷണ ആളില്ലാ വ്യോമവാഹനങ്ങള്‍, സംയോജിത നിരീക്ഷണ- ആക്രമണ സംവിധാനം, ദീര്‍ഘദൂര കാമികാസെ ഡ്രോണ്‍ സംവിധാനം എന്നിവ വാങ്ങുന്നതിനാണ് അനുമതി.
പുതുതലമുറയിലെ ചെറിയ വ്യോമലക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്നുവരുന്ന വ്യോമഭീഷണികളെ നേരിടുന്നതില്‍ അതീവ ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കും. സൈനികരുടെ സഞ്ചാരശേഷി, ആക്രമണശേഷി, യുദ്ധഭൂമിയിലെ നിരീക്ഷണം, വ്യോമാക്രമണങ്ങളില്‍നിന്നുള്ള സംരക്ഷണം എന്നിവ മെച്ചപ്പെടുത്താന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കും.
ആധുനിക കപ്പല്‍വേധ മിസൈലുകളില്‍നിന്നുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് നാവികസേനയ്ക്ക് ആക്ടീവ് ഓഫ്ബോര്‍ഡ് ഡീകോയ് സിസ്റ്റം വാങ്ങാനും കൗണ്‍സില്‍ അനുമതി നല്‍കി. ശത്രുക്കള്‍ വിന്യസിക്കുന്ന ആധുനിക കപ്പല്‍വേധ മിസൈലുകളെ വഴിതെറ്റിച്ച് നാവികസേനയുടെ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സഹായിക്കുന്ന സംവിധാനമാണിത്.
ഇതിനുപുറമെ, നാവികസേനയുടെ യുദ്ധശേഷി വര്‍ധിപ്പിക്കുന്നതിന് തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന മറ്റ് നാവിക പ്ലാറ്റ്ഫോമുകള്‍ വാങ്ങുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്.
വ്യോമസേനയ്ക്ക് ഹെലികോപ്റ്ററുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ആയുധങ്ങള്‍, മൊബൈല്‍ എക്‌സ്- ബാന്‍ഡ് ഡോപ്ലര്‍ കാലാവസ്ഥാ റഡാര്‍ സംവിധാനങ്ങള്‍ എന്നിവ വാങ്ങുന്നതിനും അനുമതി ലഭിച്ചു.
പ്രത്യേക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ വ്യോമഗതാഗതത്തിന് സഹായകമാകും. മുന്നണിമേഖലകളിലെ പ്രാദേശിക കാലാവസ്ഥ നിരീക്ഷണം ശക്തിപ്പെടുത്താന്‍ പുതിയ റഡാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടും. കരസേനയ്ക്കും വ്യോമസേനയ്ക്കും ലൈറ്റ് മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിന് വലിയ പ്രാധാന്യം നല്‍കുന്നതാണ് കൗണ്‍സിലിന്റെ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. അംഗീകരിച്ച സംഭരണ നിര്‍ദേശങ്ങളില്‍ ഏകദേശം 82 ശതമാനവും ഇന്ത്യന്‍ വ്യവസായത്തില്‍നിന്ന് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതിരോധ സംഭരണ കൗണ്‍സില്‍ അംഗീകരിച്ച നിര്‍ദേശങ്ങളുടെ ആകെ ഏകദേശ മൂല്യം 2.12 ലക്ഷം കോടി രൂപയാണ്. സായുധസേനയുടെ ആധുനികവത്ക്കരണത്തിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും രാജ്യത്തെ പ്രതിരോധ നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് പ്രതീക്ഷ.
