മാസപ്പടി കേസിൽ പിണറായിക്കും വീണയ്ക്കും റിയാസിനും ആശ്വാസം; എല്ലാ അന്വേഷണത്തിനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ, അപ്പീൽ ഫയലിൽ സ്വീകരിച്ചു

മാസപ്പടി കേസിൽ പിണറായിക്കും വീണയ്ക്കും റിയാസിനും ആശ്വാസം; എല്ലാ അന്വേഷണത്തിനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ, അപ്പീൽ ഫയലിൽ സ്വീകരിച്ചു


എറണാകുളം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകള്‍ വീണയ്ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും ആശ്വാസം. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഹവാല കേസും റജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള എല്ലാ തുടർനടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യംചെയ്ത് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസുമാരായ കെ.നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നാലാഴ്ചത്തേക്കാണ് വിജിലൻസ് അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്. പിണറായി ഉൾപ്പെടെയുള്ളവരുടെ അപ്പീലുകളിൽ ഡിവിഷൻ ബെഞ്ച് ഇ.ഡിക്കും വിജിലൻസിനും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്ക് ശേഷം അപ്പീലുകൾ വീണ്ടും പരിഗണിക്കും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് സർക്കാർ നിലപാടെടുത്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനാൽ അന്വേഷണത്തിൽ ഇടപെടരുത് എന്നുമായിരുന്നു സർക്കാർ നിലപാട്. അതേസമയം പിണറായിയുടെയും റിയാസിന്‍റെയും വീണയുടെയും അപ്പീലുകളെ എതിർത്ത് ഇ.ഡി. അന്വേഷണം സ്റ്റേ ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകന്‍ സിദ്ധാർത്ഥ് ലൂത്ര, എൻ.ഹരിഹരൻ എന്നിവരാണ് പിണറായിക്കായി ഹാജരായത്. ലൂത്ര ഓണ്‍ലൈനായി ആണ് ഹാജരായത്.

പിണറായി ഉൾപ്പെടെയുള്ളവർക്കെതിരായ സാമ്പത്തിക ഇടപാടുകളടങ്ങിയ തെളിവുകൾ ലഭിച്ചിരുന്നു. അന്വേഷണത്തിനിടെ ഡയറി ലഭിച്ചു. മുൻ മുഖ്യമന്ത്രിയുടെ പേരുണ്ട്, മുൻ മന്ത്രിയുടെ ഭാര്യയുണ്ട്, അതനുസരിച്ചാണ് ഡി.ജി.പിക്ക് ശുപാർശ കത്ത് നൽകിയത്. അഴിമതി നിരോധന നിയമപ്രകാരം ഇ.ഡിക്ക് കേസ് എടുക്കാൻ ആവില്ല. അതുകൊണ്ടാണ് PMLA നിയമപ്രകാരം ഡി.ജി.പിക്ക് കത്ത് നൽകിയതെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. അതിനിടെ ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെയും ഹൈക്കോടതി വിമർശനമുണ്ടായി.

അതേസമയം, കേസ് ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്ന് നിർദേശിച്ചുള്ള സുപ്രീം കോടതി ഉത്തരവിൻ്റെ പകർപ്പ് ഹൈക്കോടതിയിൽ പിണറായി വിജയനടക്കമുള്ളവർ ഹാജരാക്കിയിരുന്നു. 10 ദിവസത്തേക്കാണ് കേസിൻ്റെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുള്ളത്. അപ്പീൽ പരിഗണിക്കാൻ നിർദേശമുള്ള സാഹചര്യത്തിൽ ഇടക്കാല സംരക്ഷണം നീട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയിലും ആവശ്യപ്പെട്ടു. സിംഗിൾ ബെഞ്ചിൻ്റെ നിർദേശം അനുസരിച്ചാണ് കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ എഫ്.ഐ.ആർ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കേസിൻ്റെ തുടരന്വേഷണത്തിന് മാത്രമാണ് നിലവിൽ സ്റ്റേ അനുവദിച്ചിട്ടുള്ളത്. അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വീണ്ടും മെറിറ്റിൽ പരിഗണിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. 

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് യാതൊരു സേവനവും നൽകാതെ മാസപ്പടിയായി കോടിക്കണക്കിന് രൂപ കൈപ്പറ്റി എന്നതുമായി ബന്ധപ്പെട്ടാണ് കേസ് ഉയർന്നുവന്നത്. ഈ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ആദായനികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തിയ വിവരങ്ങളാണ് പിന്നീട് വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചത്.

രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ സി.എം.ആർ.എൽ പണം നൽകിയെന്ന വെളിപ്പെടുത്തൽ സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജികൾ കോടതിയിലെത്തിയത്. സുതാര്യമായ അന്വേഷണം വേണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്.