ലഖ്‌നൗ: അമിത്ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ കുറ്റവിമുക്തനാക്കി ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സിബിഐ പ്രത്യേക കോടതിയുടെ വിധി. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തിലായിരുന്നു രാഹുലിനെതിരെ വിജയ്‌മിശ്ര എന്ന ബിജെപി പ്രവര്‍ത്തകന്‍ രാഹുലിനെതിരെ സുല്‍ത്താന്‍പൂര്‍ കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്‌തത്. വിധി ദിവസം രാഹുല്‍ ഗാന്ധി കോടതിയില്‍ നേരിട്ടെത്തിയിരുന്നു.
2027ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന കോടതി ഉത്തരവിന് വലിയ രാഷ്‌ട്രീയപ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ നേരിടാന്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ വിധി വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2018ലെ കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ ബംഗളുരുവില്‍ വച്ചാണ് രാഹുല്‍ കേസിനാസ്‌പദമായ പരാമര്‍ശം നടത്തിയത്. അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ ഒരു കൊലക്കേസ് പ്രതിയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. 2005ലെ ഷൊറാബുദ്ദീന്‍ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊല കേസുമായി ബന്ധപ്പെട്ട് അമിത്ഷായുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ 2014ല്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഷായെ കുറ്റവിമുക്തനാക്കി.
2023 നവംബര്‍ 27ന് സുല്‍ത്താന്‍പൂര്‍ കോടതി രാഹുലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം 2024 ഫെബ്രുവരി 20നാണ് കോടതിയില്‍ എത്തിയത്. ജാമ്യം നേടുകയും ചെയ്‌തിരുന്നു. 2024 ജൂലൈ 26ന് അദ്ദേഹം കേസില്‍ കോടതിയില്‍ മൊഴി നല്‍കി. തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് താന്‍ അമിത്ഷായ്ക്കെതിരെ പരാമര്‍ശം നടത്തിയതെന്നും എന്നാല്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിന് മേല്‍ ചുമത്തിയിരുന്നത്.
അതേസമയം, രാവിലെ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെന്നാണ് വിവരം. പുർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകീർത്തി കേസിൽ നേരിട്ട് ഹാജരാകാനായി സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിലേക്ക് പോവുകയായിരുന്നു രാഹുൽ ഗാന്ധി. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നില്ല. അതേസമയം സംഘത്തിലുണ്ടായിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം.
കോടതിയിൽ ഹാജരാകാനായി ഇന്ന് രാവിലെയാണ് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി എത്തിയത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും പാർട്ടി നേതാക്കളും ഇവിടെ തടിച്ചുകൂടിയിരുന്നു. ഇവിടെ നിന്ന് സുൽത്താൻപൂരിലേക്ക് രാഹുൽ ഗാന്ധിയുമായി പോയ വാഹനത്തിന് പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് റോഡരികിൽ നിർത്തിയ രാഹുൽ ഗാന്ധിയുടെ വാഹനം പിന്നീട് യാത്ര തുടർന്നു.
അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തല്‍: കോണ്‍ഗ്രസിനും രാഹുലിനും ആശ്വാസം; രാഹുല്‍ഗാന്ധി കുറ്റവിമുക്തന്‍
