തിരുവനന്തപുരം: കൊവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ വിജിലൻസ് അന്വേഷണത്തിന് കേരള സർക്കാർ ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. കൊവിഡ്-19 മഹാമാരിയുടെ കാലത്തും മറ്റ് സമയങ്ങളിലും സർക്കാർ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയപ്പോൾ പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലുൾപ്പെടെയാണ് വിജിലൻസ് അന്വേഷണം.
സർക്കാർ ആശുപത്രികളിലേക്ക് ഗുണനിലവാരമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിയമസഭയിൽ അബിൻ വർക്കി ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പൊതുപണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ ഗുണനിലവാരമില്ലാത്തവയാണെന്നും, ഉപയോഗശൂന്യമായോ ദീർഘകാലമായി ഉപയോഗിക്കാതെയോ കിടക്കുകയാണെന്നു പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശരിയായ പരിപാലനമോ അറ്റകുറ്റപ്പണികളോ നടത്താത്തതിനാൽ വാറന്റി കാലാവധി കഴിയുന്നതുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ, പൊതുഫണ്ട് പാഴാകുന്നതിനെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്.
വാങ്ങിയ ഉപകരണങ്ങളുടെ ആവശ്യകത, അവയുടെ ഗുണനിലവാരം, പ്രവർത്തനസജ്ജമാക്കുന്നതിലുണ്ടായ കാലതാമസം, ദീർഘകാലം ഉപയോഗിക്കാതെ കിടക്കാനുള്ള കാരണങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം എന്നിവ പരിശോധിക്കുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സർക്കാർ അവ പരിശോധിച്ചുവരികയാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) വഴി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് നൽകിയ രണ്ട് ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾക്ക് ആവശ്യമായ അളവിലും മർദ്ദത്തിലും ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ലെന്നും, അവ പൂർണമായും പ്രവർത്തനസജ്ജമായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. സർക്കാർ പദ്ധതി പ്രകാരം നൽകിയ ചില വെന്റിലേറ്ററുകൾ, അവയുടെ ഗുണനിലവാരം, പ്രവർത്തനക്ഷമത, പരിപാലനച്ചെലവ് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഉപയോഗിക്കുന്നില്ല.
കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിലായി ഇത്തരത്തിലുള്ള 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ കിടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വയനാട്, എറണാകുളം ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും കൊവിഡ് കാലത്ത് ലഭിച്ച വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.
മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനത്തിനും പരിപാലനത്തിനുമുള്ള ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനും, ഭാവിയിൽ പൊതുഖജനാവിലെ പണം ഇത്തരത്തിൽ പാഴാകുന്നത് തടയുന്നതിനും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കും. പൊതുപണം ദുരുപയോഗം ചെയ്തെന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിൽ, അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് കാലത്തെ മെഡിക്കൽ ഉപകരണ വാങ്ങല്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന് കെ മുരളീധരൻ
