ട്രംപിനെതിരെ മിസിസിപ്പിയില്‍ പ്രതിഷേധം; പ്രസംഗം തടസപ്പെടുത്തി മുദ്രാവാക്യം

ട്രംപിനെതിരെ മിസിസിപ്പിയില്‍ പ്രതിഷേധം; പ്രസംഗം തടസപ്പെടുത്തി മുദ്രാവാക്യം


വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ബാള്‍റൂം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ നവീകരണ പദ്ധതിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരസ്യമായി പ്രതിഷേധം. മിസിസിപ്പിയിലെ കൊറിന്തില്‍ തിങ്കളാഴ്ച നടന്ന റാലിക്കിടെ ഒരാള്‍ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്തി രൂക്ഷമായ ഭാഷയില്‍ പ്രതിഷേധിച്ചു. 'ആ ബാള്‍റൂം നിന്റെ...' എന്നായിരുന്നു പ്രതിഷേധക്കാരന്റെ ആക്രോശം. ഇതോടെ സദസ്സില്‍നിന്ന് കൂക്കിവിളികളും ഉയര്‍ന്നു.

ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രംപ് റാലികളില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള മേഖലകളില്‍ പോലും അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍ സിണ്ടി ഹൈഡ്‌സ്മിത്തിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. കഴിഞ്ഞ കുറച്ചുകാലത്തിനിടെ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും അതുവഴി ഹൈഡ്‌സ്മിത്തിന് മികച്ച പിന്തുണ നല്‍കാന്‍ കഴിഞ്ഞെന്നും ട്രംപ് പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച് വേദിയില്‍നിന്ന് ഇറങ്ങിപ്പോകുന്ന പതിവിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധക്കാരന്‍ ഇടപെട്ടത്.

സുരക്ഷാ ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് ട്രംപ് പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരന്‍ ബാള്‍റൂം നിര്‍മാണത്തിനെതിരെ വീണ്ടും ആക്രോശിച്ചു. ഇതോടെ സദസ്സില്‍നിന്ന് പ്രതിഷേധക്കാരനെതിരെ കൂക്കിവിളികളുയര്‍ന്നു. 'ഓ, വീട്ടില്‍ പോകൂ' എന്ന് ട്രംപ് മറുപടി നല്‍കി. തുടര്‍ന്ന് 'വീട്ടില്‍ പോകൂ' എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

അതേസമയം, വൈറ്റ് ഹൗസിലെ ബാള്‍റൂം പദ്ധതിയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് രംഗത്തെത്തി. ട്രംപ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള വ്യക്തിയാണെന്നും വിശദാംശങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നയാളാണെന്നും അവര്‍ പറഞ്ഞു. വൈറ്റ് ഹൗസിന്റെ ചരിത്രപരമായ പ്രാധാന്യം സംരക്ഷിച്ചുകൊണ്ട്, ഭാവിയിലെ ഭരണകൂടങ്ങള്‍ക്കും അമേരിക്കന്‍ തലമുറകള്‍ക്കും ഉപയോഗിക്കാവുന്ന മനോഹരമായ ബാള്‍റൂം നിര്‍മിക്കാന്‍ ട്രംപും വൈറ്റ് ഹൗസും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും വൈല്‍സ് വ്യക്തമാക്കി.