അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വ്യാപാര കരാറില്‍ പ്രതീക്ഷ; എന്നാല്‍ ട്രംപ് വാക്കുപാലിക്കുമോയെന്ന് ഉറപ്പില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
ടൊറന്റോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി വ്യാപാര ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് കാനഡയുടെ ആവശ്യങ്ങളോട് അമേരിക്ക കൂടുതല്‍ അടുക്കുന്നതിനാലാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ശേഷിക്കെയാണ് കാര്‍ണിയുടെ പ്രതികരണം. ഇരുരാജ്യങ്ങളും വ്യാപാര കരാറിനോട് അടുക്കുകയാണെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസറ്റും സൂചിപ്പിച്ചിരുന്നു.
'എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുണ്ടെങ്കില്‍, അമേരിക്ക ഞങ്ങളുടെ നിലപാടിനോട് കൂടുതല്‍ അടുക്കുന്നതുകൊണ്ടാണ്,' കാര്‍ണി പറഞ്ഞു. ചര്‍ച്ചകള്‍ക്ക് നേരിയ തോതില്‍ വേഗം കൂടിയിട്ടുണ്ടെങ്കിലും കാനഡയുടെ ചര്‍ച്ചാ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി ക്രിയാത്മകമായ സംഭാഷണം തുടരുകയാണെന്ന് കനേഡിയന്‍ വ്യാപാരമന്ത്രി ഡൊമിനിക് ലെബ്ലാങ്കിന്റെ ഓഫിസും അറിയിച്ചു.
പുതിയ വ്യാപാര കരാറില്‍ ഒപ്പുവെച്ചാല്‍ ട്രംപ് അത് പാലിക്കുമെന്ന് ഉറപ്പുണ്ടോയെന്ന ചോദ്യത്തിന് കാര്‍ണി വ്യക്തമായ മറുപടി നല്‍കിയില്ല. അമേരിക്കയുടെ ഒപ്പ് ചിലപ്പോള്‍ മഷികൊണ്ടല്ല, പെന്‍സില്‍ കൊണ്ടാണ് എഴുതിയിരിക്കുന്നതെന്ന തന്റെ മുന്‍ പരാമര്‍ശം ഓര്‍മിപ്പിച്ചപ്പോള്‍, ഇത്തവണ ട്രംപ് കരാറില്‍ ഒപ്പിട്ടാല്‍ ഉറച്ചുനില്‍ക്കുമോയെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കരാറിലെത്തിയെന്ന പ്രതീതി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്ക മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ കാനഡ നിരസിച്ചിരുന്നു. കാനഡയുടെ നിര്‍ണായകമായ ചില നിബന്ധനകള്‍ ലംഘിക്കുന്നതായിരുന്നു അമേരിക്കയുടെ നിര്‍ദേശമെന്ന് കാര്‍ണി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഏകദേശം 2,000 കോടി ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം വരെ തീരുവ ചുമത്തി. ഇതിന് തിരിച്ചടിയായി കാനഡയും നടപടികള്‍ സ്വീകരിക്കുകയും കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള 50 ശതമാനം തീരുവയില്‍ ചിലത് പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, മറ്റു നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച മിഷിഗണില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കാനഡ ഇപ്പോള്‍ അമേരിക്കയ്ക്ക് എന്തും നല്‍കാന്‍ തയ്യാറാണെന്നും ഉടന്‍ കരാറിലെത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് കരാര്‍ സാധ്യമായേക്കാമെന്ന് ഡെട്രോയിറ്റിലെ ഒരു ടെലിവിഷന്‍ ചാനലിനോടും അദ്ദേഹം പറഞ്ഞു. എന്നാല്‍ കരാറിലെത്താന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ തീരുവ നയങ്ങള്‍ അമേരിക്കയിലെ നിര്‍ണായക സെനറ്റ് തിരഞ്ഞെടുപ്പുകളിലും ചര്‍ച്ചാവിഷയമായിട്ടുണ്ട്. മിഷിഗണിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്‌സ് തന്റെ പ്രചാരണ പരസ്യത്തില്‍ കാനഡ അമേരിക്കയുടെ ശത്രുവല്ലെന്നും തീരുവയുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മെയ്‌നിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സും കര്‍ഷകര്‍ക്കും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കും ആവശ്യമായ കനേഡിയന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച ചില ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവുകള്‍ പ്രഖ്യാപിച്ചു.
കാനഡയുമായുള്ള വ്യാപാരക്കമ്മിയെക്കുറിച്ച് ട്രംപ് ആവര്‍ത്തിച്ച് പരാതിപ്പെടുന്നുണ്ടെങ്കിലും ഊര്‍ജ വ്യാപാരമാണ് ഈ കണക്കിലെ പ്രധാന ഘടകം. അമേരിക്ക പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ കനേഡിയന്‍ എണ്ണ വാങ്ങുന്നുണ്ട്. സാധാരണയായി കുറഞ്ഞ വിലയ്ക്കാണ് ഈ എണ്ണ ലഭിക്കുന്നത്. ഊര്‍ജ മേഖലയിലെ വ്യാപാരം ഒഴിവാക്കിയാല്‍ കാനഡയുമായി അമേരിക്കയ്ക്ക് വ്യാപാര മിച്ചമാണുള്ളത്.
കാനഡയില്‍നിന്ന് വാഹന നിര്‍മാണം അമേരിക്കയിലേക്ക് മാറ്റണമെന്നും ട്രംപ് ആവശ്യപ്പെടുന്നുണ്ട്. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്ന് പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വാഹന വ്യവസായ മേഖലയെ ഈ നീക്കം ബാധിച്ചേക്കാം.
ട്രംപിന്റെ തീരുവയുദ്ധവും കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കുമെന്ന ആവര്‍ത്തിച്ചുള്ള ഭീഷണികളും കാര്‍ണിയെ പുതിയ വിപണികള്‍ തേടാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയ്ക്ക് പുറത്തുള്ള വിപണികളിലേക്കുള്ള കനേഡിയന്‍ കയറ്റുമതി ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
കൂടുതല്‍ അടുത്ത സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കാര്‍ണി വ്യാഴം, വെള്ളി ദിവസങ്ങളില്‍ മോണ്‍ട്രിയലില്‍ കൂടിക്കാഴ്ച നടത്തും. കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന നിര്‍ദേശവും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ ഈ അംഗത്വത്തിന്റെ വ്യവസ്ഥകള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ല.
