യുപിയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് 17 കാരന്റെ തലവെട്ടി മാറ്റി; അറ്റുവീണ ശിരസ്സ് മടിയില്‍വെച്ച് അമ്മ വിലപിച്ചു

യുപിയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് 17 കാരന്റെ തലവെട്ടി മാറ്റി; അറ്റുവീണ ശിരസ്സ് മടിയില്‍വെച്ച് അമ്മ വിലപിച്ചു


ലഖ്നൗ: ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പതിനേഴുകാരന് ദാരുണാന്ത്യം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ പതിനേഴുകാരന്റെ തല വാള്‍ ഉപയോഗിച്ച് വെട്ടിമാറ്റിയെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശിലെ ജോന്‍പുരില്‍ സംഭവം.

ഗൗരാബാദ്ശാഹര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കബിറുദ്ദീന്‍ ഗ്രാമത്തില്‍ രാംജീത് യാദവും ലാല്‍ത യാദവും തമ്മിലുള്ള ഭൂമി തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അജയ്പാല്‍ ശര്‍മ പറഞ്ഞു. രാംജീത് യാദവിന്റെ മകന്‍ അനുരാഗ് (17) ആണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. അനുരാഗിന്റെ അമ്മ, മകന്റെ അറ്റുവീണ ശിരസ്സ് മടിയില്‍വെച്ച് മണിക്കൂറുകളോളം കരഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭൂമി തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ കുറച്ചു പേര്‍ ചേര്‍ന്ന് അനുരാഗിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ വാള്‍കൊണ്ട് ആഞ്ഞുവെട്ടി. അനുരാഗിന്റെ ശിരസ്സ് തല്‍ക്ഷണം ഉടലില്‍നിന്ന് വേര്‍പെട്ടു. സംഭവത്തിന് ശേഷം ലാല്‍ത യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മകന്‍ രമേശിനായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ജൗന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു.