സാന്‍ഫ്രാന്‍സിസ്‌കോ സര്‍വീസുകള്‍ പിന്‍വലിച്ച് എയര്‍ ഇന്ത്യ; യാത്രക്കാര്‍ ആശങ്കയില്‍

സാന്‍ഫ്രാന്‍സിസ്‌കോ സര്‍വീസുകള്‍ പിന്‍വലിച്ച് എയര്‍ ഇന്ത്യ; യാത്രക്കാര്‍ ആശങ്കയില്‍


മുംബൈ:  മാര്‍ച്ച് 1 മുതല്‍ ബെംഗളൂരും മുംബൈയും കേന്ദ്രമായി സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കും. വിമാന വിന്യാസത്തിലെ വെല്ലുവിളികളും അന്താരാഷ്ട്ര വ്യോമപാത നിയന്ത്രണങ്ങളാല്‍ വര്‍ധിച്ച ചെലവുമാണ് തീരുമാനത്തിന് കാരണമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഫെബ്രുവരി 28ന് ശേഷമുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിലാണ് ഈ തീരുമാനം ഏറെ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം, ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും ടോറന്റോയിലേക്കുമുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 10 ആയി വര്‍ധിപ്പിക്കുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അറിയിച്ചു. ഡല്‍ഹി കേന്ദ്രമാക്കിയ സര്‍വീസുകളുടെ വര്‍ധന ചില യാത്രക്കാരെ സഹായിക്കുമെങ്കിലും, അമേരിക്കന്‍ വെസ്റ്റ് കോസ്റ്റിലേക്കുള്ള നേരിട്ടുള്ള ബന്ധത്തെ ആശ്രയിക്കുന്ന ബെംഗളൂരു-മുംബൈ അധിഷ്ഠിത ഐടി പ്രൊഫഷണലുകള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഇത് വലിയ അസൗകര്യമായി മാറുമെന്നാണ് വിലയിരുത്തല്‍.

'നിലവിലുള്ള വ്യോമപാത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ചെലവ് നിയന്ത്രിക്കുന്നതിനും വിമാന ശേഷി ഫലപ്രദമായി വിന്യസിക്കുന്നതിനുമാണ് നോര്‍ത്ത് അമേരിക്കന്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്,' എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. ബെംഗളൂരു-സാന്‍ഫ്രാന്‍സിസ്‌കോ, മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബാധിക്കപ്പെടുന്ന യാത്രക്കാരെ മറ്റ് സര്‍വീസുകളില്‍ ഉള്‍പ്പെടുത്തുകയോ മുഴുവന്‍ തുക തിരികെ നല്‍കുകയോ ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

വ്യോമപാത നിയന്ത്രണങ്ങള്‍ ശമിക്കുകയാണെങ്കില്‍ ഈ നോണ്‍സ്‌റ്റോപ്പ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കാന്‍ ശ്രമിക്കുമെന്ന വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും, യാത്രക്കാരുടെ ആശങ്ക അകറ്റാന്‍ അതിനായിട്ടില്ല. 'മേയില്‍ യാത്രക്കായി ബ്ലാര്‍-സാന്‍ഫ്രാന്‍സിസ്‌കോ ടിക്കറ്റുകള്‍ നേരത്തേ ബുക്ക് ചെയ്തതാണ്. ഇനി എന്തുചെയ്യണമെന്നറിയില്ല,' എന്നൊരു യാത്രക്കാരന്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. 'അവസാന നിമിഷ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മാസങ്ങള്‍ മുന്‍പേ ബുക്ക് ചെയ്തു; ഇപ്പോള്‍ എല്ലാം അനിശ്ചിതത്വത്തിലാണ്,' ബെംഗളൂരുവിലെ ഐടി ജീവനക്കാരനായ നകുല്‍ തീര്‍ഥ പറഞ്ഞു. കുടുംബ യാത്രാ പദ്ധതികളുമായി ബന്ധപ്പെട്ട റിട്ടേണ്‍ ടിക്കറ്റുകളുടെ കാര്യത്തില്‍ വ്യക്തത തേടിയും നിരവധി യാത്രക്കാര്‍ രംഗത്തെത്തി. ബാധിതരായ എല്ലാവരെയും നേരിട്ട് ബന്ധപ്പെടുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.