ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക ഉയരുന്നതിനിടെ, ഹിന്ദു റിക്ഷാ തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ച സംഭവം വീണ്ടും രാജ്യത്തെ ഞെട്ടിച്ചു. ഖുല്‍ന ഡിവിഷനിലെ ജെനൈദ ജില്ലയിലാണ് ഗോബിന്ദ ബിശ്വാസ് എന്ന റിക്ഷാ തൊഴിലാളിക്ക് നേരെ ആക്രമണം ഉണ്ടായത്. വിശ്വാസത്തിന്റെ ഭാഗമായി കൈമുട്ടില്‍ ധരിച്ചിരുന്ന ചുവന്ന നൂല്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യുടെ ചാരനാണെന്ന് ആരോപിച്ച് അഭ്യൂഹങ്ങള്‍ പരന്നത്. ഇതോടെ ആള്‍ക്കൂട്ടം സംഘടിതമായി ബിശ്വാസിനെ ആക്രമിക്കുകയായിരുന്നു. ജെനൈദ നഗരസഭ ഗേറ്റിനടുത്ത് നടന്ന മര്‍ദനത്തില്‍ ഇയാളുടെ കഴുത്തിനും നെഞ്ചിനും പരുക്കേറ്റതായി പൊലീസ് വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലേക്കു കൊണ്ടുപോകുമ്പോള്‍ താന്‍ ഒരു സാധാരണ റിക്ഷാ തൊഴിലാളിയാണെന്നും വിട്ടയക്കണമെന്നും ബിശ്വാസ് പൊലീസിനോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയില്‍, പൊലീസിന്റെ കൈവശത്തു നിന്നു തന്നെ ഇയാളെ പിടിച്ചിഴക്കാന്‍ ശ്രമിക്കുന്ന ഒരാളും ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് നിയമവ്യവസ്ഥയുടെ ദുര്‍ബലത തുറന്നുകാട്ടുന്നു. പിന്നീട് ജെനൈദ സദര്‍ പൊലീസ് സ്‌റ്റേഷനില്‍ ബിശ്വാസിനെ തടഞ്ഞുവച്ചു.
പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള മറ്റൊരു വീഡിയോയില്‍, ബിശ്വാസിന്റെ മൊബൈല്‍ ഫോണില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഇടപാടുകളുണ്ടെന്നും ഇന്ത്യയില്‍ നിന്നൊരു ഫോണ്‍ കോള്‍ ലഭിച്ചതായും ഒരാള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിന്നു വിളിച്ച ആകാശ് എന്ന വ്യക്തി തന്റെ പരിചയക്കാരനാണെന്നാണ് ബിശ്വാസ് പൊലീസിനോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ബിശ്വാസ് ഏതാനും വര്‍ഷങ്ങള്‍ ഇന്ത്യയില്‍ താമസിച്ചിരുന്നതായി കണ്ടെത്തിയതായും, ഇന്ത്യന്‍ ഏജന്‍സികളുമായി ബന്ധമുണ്ടോയെന്ന ആരോപണം പരിശോധിച്ചു വരികയാണെന്നും ജെനൈദ സദര്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അറിയിച്ചു.
മൈമെന്‍സിംഗില്‍ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഈ ആക്രമണമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇന്ത്യ ശക്തമായ ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യ ധാക്കയോട് ആവശ്യപ്പെട്ടതായി വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനു മുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നുവെന്നും, വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ച് എല്ലാ നയതന്ത്ര ദൗത്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈയില്‍ കെട്ടിയ ചുവന്ന നൂലില്‍ 'റോ ഏജന്റ്' മുദ്രയുണ്ടെന്നാരോപിച്ച് ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം ഹിന്ദു റിക്ഷാ തൊഴിലാളിയെ ആക്രമിച്ചു
