ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ബോണ്ടി ബീച്ചില്‍ ഡിസംബര്‍ 14ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സജിദ് അക്രത്തിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ഭാര്യ തയ്യാറാകാതെ വന്നതോടെ, സംസ്‌കാര ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. ഭര്‍ത്താവുമായി യാതൊരു ബന്ധവും വേണ്ടെന്ന നിലപാടിലാണ് ഭാര്യയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ പൊലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട സജിദ് അക്രത്തിന്റെ മൃതദേഹം ഇപ്പോഴും കോറോണറുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
50 വയസ്സുള്ള സജിദ് അക്രം ആക്രമണത്തിന് മുമ്പ് കുറഞ്ഞത് ആറുമാസത്തോളം സിഡ്‌നിയിലെ വിവിധ ഭാഗങ്ങളില്‍ ഹ്രസ്വകാല എയര്‍ ബിഎന്‍ബി സ്‌റ്റേകളിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരതാമസമില്ലാതെ, സാമ്പത്തികവും സാമൂഹികവുമായ ഒറ്റപ്പെടലിലായിരുന്നു ഇയാളുടെ ജീവിതം. ആക്രമണത്തില്‍ ഇയാളുടെ മകന്‍ നവീദ് അക്രവും പങ്കാളിയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നവീദ് ഇപ്പോള്‍ പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്; നില ഗുരുതരമെങ്കിലും സ്ഥിരതയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
നവംബര്‍ 1 മുതല്‍ 28 വരെ സജിദ് അക്രം ഫിലിപ്പീന്‍സിലെ ഡാവാവോ സിറ്റിയില്‍ സന്ദര്‍ശനം നടത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് സാന്നിധ്യം ശക്തമായ പ്രദേശമായ ഡാവാവോയില്‍ സജിദ് സൈനിക പരിശീലനം നേടിയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സികള്‍. അതേ കാലയളവില്‍ അവിടെയെത്തിയ സിഡ്‌നിയിലെ മറ്റ് രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
ആക്രമണത്തിന് മുന്‍പ് കുടുംബാംഗങ്ങളോട് ജര്‍വിസ് ബേയിലേക്കുള്ള മീന്‍പിടിത്ത യാത്രയെന്നായിരുന്നു സജിദും മകനും പറഞ്ഞത്. എന്നാല്‍ പിന്നീട് ക്യാമ്പ്‌ബെല്‍ പരേഡിന് സമീപമുള്ള പാലത്തില്‍ നിന്ന് ജൂതരുടെ 'ചാനുക്കാ ബൈ ദ സീ' ആഘോഷത്തില്‍ പങ്കെടുത്തവരെയും പ്രദേശത്തെ നാട്ടുകാരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി അവര്‍ വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തില്‍ ഒരു കുട്ടിയടക്കം 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ എങ്ങനെ ലഭിച്ചതെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ വാഹനത്തില്‍ നിന്ന് സ്വയം നിര്‍മ്മിത സ്‌ഫോടകവസ്തുക്കള്‍ (IED) കണ്ടെത്തിയ പൊലീസ്, സിഡ്‌നിയിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തി. ബോണിറിഗിലെ നവീദ് അക്രത്തിന്റെ വീട്ടിലും പരിശോധന നടന്നു.
ഹൈദരാബാദ് സ്വദേശിയായ സജിദ് അക്രം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശംവെച്ചിരുന്നുവെന്നും 1998ലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതെന്നും പൊലീസ് അറിയിച്ചു. ഇന്ത്യയിലെ കുടുംബവുമായി ഇയാള്‍ക്ക് വര്‍ഷങ്ങളായി പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ബോണ്ടി ബീച്ച് വെടിവെപ്പ് ഭീകരാക്രമണമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഉയര്‍ന്നുവരുന്ന ജൂത വിരോധവും ആന്റിസെമിറ്റിസവും സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ബോണ്ടി ബീച്ച് ഭീകരാക്രമണം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് സജിദ് അക്രത്തിന്റെ വിധവ; സംസ്‌കാരം സര്‍ക്കാരിന്റെ ഉത്തരവാദിത്വം
