ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയുടെ ധനശേഖരണം കുത്തനെ ഉയര്‍ന്നു; ഒരു വര്‍ഷത്തിനിടെ സംഭാവന 6,088 കോടി

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയുടെ ധനശേഖരണം കുത്തനെ ഉയര്‍ന്നു; ഒരു വര്‍ഷത്തിനിടെ സംഭാവന 6,088 കോടി


ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ രാഷ്ട്രീയ കക്ഷികളുടെ ധനസ്രോതസുകള്‍ ചുരുങ്ങുമെന്ന വിലയിരുത്തലുകള്‍ക്കിടയിലും, കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപിയുടെ ധനശേഖരണം മുന്‍വര്‍ഷങ്ങളെക്കാള്‍ കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം, ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവന 6,088 കോടി രൂപയായി ഉയര്‍ന്നു. ഇത് 2023-24ലെ 3,967 കോടി രൂപയേക്കാള്‍ ഏകദേശം 53 ശതമാനം കൂടുതലാണ്.

ഡിസംബര്‍ 8ന് ബിജെപി സമര്‍പ്പിച്ച 2024-25ലെ സംഭാവനാ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞാഴ്ച പുറത്തുവിട്ടതോടെയാണ് കണക്കുകള്‍ പൊതുജന ശ്രദ്ധയില്‍പ്പെട്ടത്. ബോണ്ട് പദ്ധതി പൂര്‍ണമായും നിലച്ച ശേഷമുള്ള ആദ്യ സമ്പൂര്‍ണ സാമ്പത്തിക വര്‍ഷമാണിത്. എന്നിരുന്നാലും, പാര്‍ട്ടിയുടെ വരുമാനത്തില്‍ യാതൊരു ഇടിവും ഉണ്ടായില്ലെന്നതല്ല, മറിച്ച് കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഭാവനയാണ് ഈ കാലയളവില്‍ ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.

പ്രതിപക്ഷ പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിയുടെ പണാധിപത്യം വ്യക്തമാണ്. 2024-25ല്‍ കോണ്‍ഗ്രസിന് ലഭിച്ച മൊത്തം സംഭാവന 522.13 കോടി രൂപ മാത്രമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു ഡസനോളം പ്രതിപക്ഷ കക്ഷികള്‍ക്കു ചേര്‍ന്നുകിട്ടിയ സംഭാവന 1,343 കോടി രൂപയായിരിക്കെ, അതിന്റെ 4.5 ഇരട്ടിയോളം തുക ഒറ്റയ്ക്ക് ബിജെപി സ്വന്തമാക്കി.

162 പേജുള്ള ബിജെപിയുടെ സംഭാവനാ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമ്പോള്‍, 2024-25ല്‍ ലഭിച്ച തുകയില്‍ 3,744 കോടി രൂപയും തെരഞ്ഞെടുപ്പ് ട്രസ്റ്റുകളില്‍ നിന്നാണെന്ന് വ്യക്തമാകുന്നു. ആകെ സംഭാവനയുടെ 61 ശതമാനവും ഇതാണ്. ശേഷിക്കുന്ന 2,344 കോടി രൂപ വ്യക്തികളും കോര്‍പ്പറേറ്റുകളും നല്‍കിയ സംഭാവനകളാണ്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (100 കോടി), റുങ്ട സണ്‍സ് (95 കോടി), വേദാന്ത ലിമിറ്റഡ് (67 കോടി), മാക്രോടെക് ഡെവലപ്പേഴ്‌സ്, ഐടിസി, ഹിന്ദുസ്ഥാന്‍ സിങ്ക്, മാന്‍കൈന്‍ഡ് ഫാര്‍മ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും വലിയ സംഭാവന നല്‍കിയവരിലുണ്ട്.

20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവ വഴിയാണ് കോര്‍പ്പറേറ്റുകള്‍ക്ക് രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന നല്‍കാനാവുക. ഈ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിക്കുന്ന വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതുമാണ്.

2017-18ല്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് പദ്ധതി വഴി വര്‍ഷങ്ങളായി 16,000 കോടി രൂപയ്ക്കുമേല്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭൂരിഭാഗവും ബിജെപിക്കായിരുന്നു. പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച ശേഷം, എല്ലാ ദാതാക്കളുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ബോണ്ട് കാലാവസാനത്തിനുശേഷവും ബിജെപിയുടെ ധനശേഷി കൂടുതല്‍ ശക്തമായതാണെന്നതാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന.