'ദൈവിക ഇടപെടല്‍ അനുഭവപ്പെട്ടു': ഇന്ത്യയുമായുള്ള മെയ് സംഘര്‍ഷത്തെ കുറിച്ച് പാക് സൈന്യാധിപന്‍ ആസിം മുനീര്‍

'ദൈവിക ഇടപെടല്‍ അനുഭവപ്പെട്ടു': ഇന്ത്യയുമായുള്ള മെയ് സംഘര്‍ഷത്തെ കുറിച്ച് പാക് സൈന്യാധിപന്‍ ആസിം മുനീര്‍


ഇസ്‌ലാമാബാദ്:  ഇന്ത്യയുമായുണ്ടായ മെയ് മാസത്തിലെ നാലുദിവസം നീണ്ട സംഘര്‍ഷത്തിനിടെ പാകിസ്ഥാന്  'ദൈവിക ഇടപെടല്‍' ലഭിച്ചതായി പാക് സൈന്യാധിപന്‍ ജനറല്‍ ആസിം മുനീര്‍ പറഞ്ഞു. പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൃത്യമായ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാന്‍ നടത്തിയ 'ബുന്യാനും മാര്‍സൂസ്' ഓപ്പറേഷനിലുടനീളം സായുധ സേനകള്‍ക്ക് ദൈവിക സഹായം ലഭിച്ചതായാണ് മുനീറിന്റെ അവകാശവാദം. 'അത് ഞങ്ങള്‍ അനുഭവിച്ചു,' എന്നും അദ്ദേഹം പറഞ്ഞു.

മെയ് 7ന്റെ പുലര്‍ച്ചെ ഇന്ത്യ ആരംഭിച്ച ആക്രമണങ്ങളില്‍ യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍, പീരങ്കികള്‍ എന്നിവ വിനിയോഗിച്ചു. പാകിസ്ഥാന്റെ ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയുമായി ബന്ധപ്പെടുകയും വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെയാണ് നാലുദിവസം നീണ്ട സംഘര്‍ഷം അവസാനിച്ചത്.

ഭീകരസംഘടനയായ തേഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (TTP) സംബന്ധിച്ചും മുനീര്‍ പരാമര്‍ശം നടത്തി. പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറുന്ന ടി.ടി.പി. സംഘങ്ങളില്‍ 70 ശതമാനവും അഫ്ഗാന്‍ പൗരന്മാരാണെന്ന് അദ്ദേഹം ആരോപിച്ചു. അഫ്ഗാന്‍ മണ്ണ് പാകിസ്ഥാനെതിരായ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ഇസ്ലാമാബാദിന്റെ ആരോപണം കാബൂള്‍ നിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് മുനീറിന്റെ പരാമര്‍ശങ്ങള്‍. 'അഫ്ഗാനിസ്ഥാന്‍ നമ്മുടെ പാകിസ്ഥാനി കുട്ടികളുടെ രക്തം ചൊരിയുന്നില്ലേ? ' എന്നും അദ്ദേഹം ചോദിച്ചു.

ലോകത്ത് 57 ഇസ്‌ലാമിക രാജ്യങ്ങളുണ്ടെങ്കിലും, മക്കയും മദീനയും ഉള്‍പ്പെടുന്ന ഹറമൈന്‍ ശരീഫൈന്റെ രക്ഷാധികാരികളാകാനുള്ള ബഹുമതി ദൈവം നല്‍കിയിരിക്കുന്നത് തങ്ങള്‍ക്കാണെന്നും മുനീര്‍ അവകാശപ്പെട്ടു. ഖുര്‍ആനിലെ പല വചനങ്ങളും ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഡിസംബര്‍ 10ന് ഇസ്‌ലാമാബാദില്‍ നടന്ന ദേശീയ ഉലമാ സമ്മേളനത്തിലാണ് മുനീര്‍ ഈ പ്രസ്താവനകള്‍ നടത്തിയത്. സമ്മേളനത്തിലെ പ്രസംഗത്തിന്റെ പൂര്‍ണ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും, ദൃശ്യങ്ങള്‍ ഡിസംബര്‍ 21ന് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു.