ധാക്ക/ഖുല്‍ന: യുവജന നേതാവ് ശരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപകമായ അക്രമം തുടരുന്നതിനിടെ, നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) നേതാവിന് വെടിയേറ്റു. ഖുല്‍നയില്‍ തിങ്കളാഴ്ച രാവിലെ 11.45ഓടെ എന്‍സിപി ഖുല്‍ന ഡിവിഷന്‍ ചീഫും എന്‍സിപി ശ്രാമിക് ശക്തിയുടെ കേന്ദ്രസംഘാടകനുമായ മൊതാലിബ് ശിക്ദറിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ശിക്ദറിന്റെ തല ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഖുല്‍ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ജീവന്‍ അപകടാവസ്ഥയിലല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സോണാഡംഗ മോഡല്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനിമേഷ് മണ്ഡല്‍ വ്യക്തമാക്കി. വെടിയുണ്ട ചെവിയുടെ ഒരുവശത്ത് കയറി മറ്റെവശത്ത് പുറത്തുകടന്നതായും റിപ്പോര്‍ട്ടുണ്ട്.
ധാക്ക സര്‍വകലാശാലയിലെ തീവ്ര വിദ്യാര്‍ത്ഥി സംഘടനയായ 'ഇന്‍ഖിലാബ് മഞ്ച്' സ്ഥാപകനും 2024ലെ പ്രോഡെമോക്രസി പ്രക്ഷോഭത്തിന്റെ മുഖ്യ നേതാവുമായിരുന്ന ഹാദിയെ കഴിഞ്ഞ ആഴ്ച ധാക്കയില്‍ പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖംമൂടിയണിഞ്ഞ സംഘം വെടിവെച്ചിരുന്നു. ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും വ്യാഴാഴ്ച അദ്ദേഹം മരിച്ചു. ശക്തമായ ഇന്ത്യവിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ നേതാവായിരുന്നു ഹാദി.
ഹാദിയുടെ മരണത്തോടെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുകയും ആയിരങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്തു. ധാക്കയില്‍ രണ്ട് പ്രമുഖ പത്രസ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്ക് തീയിട്ടു; ജീവനക്കാര്‍ അകത്ത് കുടുങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ധാക്കയെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത പ്രതിഷേധക്കാര്‍ തടഞ്ഞു.
തെക്കുകിഴക്കന്‍ തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ മുന്‍ മന്ത്രിയുടെ വീടും, ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വസതിയും അക്രമികള്‍ തകര്‍ത്തു. ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈകമ്മീഷനു നേരെയും സമീപത്തെ ഉദ്യോഗസ്ഥരുടെ വസതികളിലേക്കും കല്ലേറുണ്ടായി. ഇതിനിടെ, ഒരു ഹിന്ദു യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ന്യൂനപക്ഷ സമൂഹത്തിനിടയില്‍ കടുത്ത ആശങ്കയും പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.
രാജ്യത്ത് സുരക്ഷാ നില കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഹാദി വധത്തിന് പിന്നാലെ ബംഗ്ലാദേശില്‍ അശാന്തി: എന്‍സിപി നേതാവിന് വെടിയേറ്റു
