ഡല്‍ഹി: മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ-887 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലേക്ക് തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഏകദേശം ഒരു മണിക്കൂര്‍ പിന്നിടുന്നതിനിടെയാണ് വിമാനത്തിലെ വലതുഭാഗത്തെ എന്‍ജിനില്‍ ഇന്ധന മര്‍ദ്ദം അസാധാരണമായി കുറഞ്ഞതായി പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫ്‌ലാപ് പിന്‍വലിക്കുന്നതിനിടെയുണ്ടായ ഈ പ്രശ്‌നം പിന്നീട് എണ്ണമര്‍ദ്ദം പൂര്‍ണമായും നഷ്ടപ്പെടുന്നതിലേക്കെത്തിയതോടെ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് എന്‍ജിന്‍ ഓഫ് ചെയ്ത് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
355 യാത്രക്കാരുമായി ബോയിങ് 777 വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സാങ്കേതിക പ്രശ്‌നമാണ് തിരിച്ചിറക്കലിന് കാരണമെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചെങ്കിലും തകരാറിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തതെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഡിജിസിഎയുടെ മേല്‍നോട്ടത്തില്‍ എയര്‍ ഇന്ത്യയുടെ സ്ഥിരം അന്വേഷണ ബോര്‍ഡ് സംഭവം പരിശോധിക്കുമെന്ന് വ്യോമയാന നിയന്ത്രണ അതോറിറ്റി അറിയിച്ചു. വിമാനം ഇറങ്ങിയതോടെ യാത്രക്കാരെ സുരക്ഷിതമായി പുറത്താക്കി, ഗ്രൗണ്ട് സ്റ്റാഫ് സഹായം നല്‍കി. തുടര്‍ന്ന് മുംബൈയിലേക്ക് യാത്ര തുടരാന്‍ മറ്റൊരു വിമാനം ഏര്‍പ്പെടുത്തുകയും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.
സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എയര്‍ ഇന്ത്യയോട് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ, അന്വേഷണത്തില്‍ പൂര്‍ണ സഹകരണം ഉറപ്പുനല്‍കുകയും യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും ആവര്‍ത്തിച്ചു.
സാങ്കേതിക തകരാര്‍ ; മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചിറക്കി
