സാന്‍ഫ്രാന്‍സിസ്‌കോ: നഗരത്തിലെ വൈദ്യുതി മുടക്കം ഡ്രൈവര്‍ലെസ് വാഹന ഗതാഗതത്തെയും താളം തെറ്റിച്ചു. പസഫിക് ഗാസ് ആന്‍ഡ് ഇലക്ട്രിക് കമ്പനിയുടെ (PG&E) സബ്‌സ്‌റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തിന്റെ വടക്കന്‍ ഭാഗങ്ങളിലടക്കം വ്യാപകമായി വൈദ്യുതി നഷ്ടപ്പെട്ടതോടെ, ഗതാഗത സിഗ്‌നലുകള്‍ പ്രവര്‍ത്തനരഹിതമായി. ഇതിന്റെ പ്രത്യാഘാതമായി ആല്‍ഫബെറ്റ് പിന്തുണയുള്ള വേമോയുടെ ഡ്രൈവര്‍ലെസ് ടാക്‌സികള്‍ നഗരത്തിലെ പല റോഡുകളിലും നിശ്ചലമായി നിന്നത് ഗതാഗതക്കുരുക്കിനും ആശയക്കുഴപ്പത്തിനും ഇടയാക്കി.
ഡിസംബര്‍ 20ന് ഉച്ചയ്ക്കുശേഷമാണ് (ശനിയാഴ്ച) വൈദ്യുതി മുടക്കം ആരംഭിച്ചത്. ഏറ്റവും ഗുരുതര ഘട്ടത്തില്‍ നഗരത്തിലെ വൈദ്യുതി ഉപഭോക്താക്കളില്‍ ഏകദേശം മൂന്നിലൊന്ന് പേര്‍ക്ക് വൈദ്യുതി നഷ്ടമായി. പിന്നീട് ഡിസംബര്‍ 21നകം ഭൂരിഭാഗം പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും, ഏകദേശം 17,000 ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും വൈദ്യുതി ലഭിച്ചിരുന്നില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ 8ാം, മിഷന്‍ തെരുവുകള്‍ക്കടുത്തുള്ള PG&E സബ്‌സ്‌റ്റേഷനിലുണ്ടായ തീപിടിത്തമാണ് വ്യാപക മുടക്കത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു.
വൈദ്യുതി മുടക്കത്തെ തുടര്‍ന്ന് നഗരമൊട്ടാകെ 'ഗുരുതരമായ ഗതാഗത തടസ്സങ്ങള്‍' ഉണ്ടായതായി സാന്‍ഫ്രാന്‍സിസ്‌കോ എമര്‍ജന്‍സി മാനേജ്‌മെന്റ് വിഭാഗം അറിയിച്ചു. പ്രവര്‍ത്തനരഹിതമായ ട്രാഫിക് ലൈറ്റുകള്‍ നാലുവഴി സ്‌റ്റോപ്പുകളായി പരിഗണിച്ച് മാത്രമേ യാത്ര ചെയ്യാവൂവെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഈ സാഹചര്യത്തില്‍ വേമോയുടെ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ റോഡുകളില്‍ നിശ്ചലമായത് സ്ഥിതി കൂടുതല്‍ വഷളാക്കി. സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കമ്പനി വ്യക്തമാക്കി. 'നഗര അധികൃതരുമായി ചേര്‍ന്ന് സേവനങ്ങള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്,' വേമോ വക്താവ് പറഞ്ഞു.
ഇതിനിടെ, ടെസ്ലയുടെ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ക്ക് ഇത്തരം തടസ്സങ്ങള്‍ നേരിടേണ്ടി വന്നില്ലെന്ന അവകാശവാദവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തി. സാമൂഹികമാധ്യമമായ എക്‌സില്‍ (മുന്‍ ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലൂടെയാണ് മസ്‌ക് ടെസ്ലയുടെ സംവിധാനങ്ങളെ പുകഴ്ത്തിയത്. എന്നാല്‍ വൈദ്യുതി മുടക്കത്തിന്റെ വ്യാപ്തിയും ഗതാഗത സിഗ്‌നല്‍ തകരാറുകളും നഗരജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്നതാണ് ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍.
PG&Eയുടെ സബ്‌സ്‌റ്റേഷനില്‍ ഉണ്ടായ തീപിടിത്തത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. 'അറ്റകുറ്റപ്പണികളും സുരക്ഷിതമായ പുനഃസ്ഥാപനവും ഏറെ സങ്കീര്‍ണമാണ്,' കമ്പനി അറിയിച്ചു. കൂടുതല്‍ എന്‍ജിനീയര്‍മാരെയും ഇലക്ട്രീഷ്യന്‍മാരെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും, വൈദ്യുതി പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കൃത്യമായ സമയക്രമം പറയാന്‍ കഴിയില്ലെന്നും PG&E കൂട്ടിച്ചേര്‍ത്തു.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതി മുടങ്ങി; റോഡില്‍ 'തടഞ്ഞുനിന്ന്' വേമോ, ടെസ്ലയെ പുകഴ്ത്തി ഇലോണ്‍ മസ്‌ക്
