ഏകീകൃത സിവില്‍ കോഡും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിര്‍ദ്ദേശവും ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി

ഏകീകൃത സിവില്‍ കോഡും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിര്‍ദ്ദേശവും ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം മുന്നേറാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പാര്‍ലമെന്റ്, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളെല്ലാം ഒറ്റ ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ഉടന്‍ യാഥാര്‍ത്ഥ്യമാകും. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എന്നെന്നേക്കുമായി ഇല്ലാതാക്കി. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകള്‍ ഇന്ത്യന്‍ ഭരണഘടന സൃഷ്ടിച്ചവരെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നുണ്ടാകുമെന്നും നരേന്ദ്ര മോഡി പറഞ്ഞു.

''രാജ്യത്തെ ഏകീകരിക്കാനാണ് ഏക സിവില്‍ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയങ്ങളുമെല്ലാം. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ഇത് ശക്തമാക്കും. രാജ്യത്തെ വിഭങ്ങളില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കി വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രിക്കുന്നത്. യൂണിഫോം സിവില്‍കോഡ് എന്നതിലൂടെ ഒരു മതേതര സിവില്‍കോഡ് ഉറപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്''  -പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ വിഭജിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അര്‍ബന് നക്‌സലുകളുടെ ഈ കൂട്ടായ്മയെ തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനങ്ങള്‍ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്ന ആയുധധാരികളുടെ നക്‌സലിസം അവസാനിപ്പിക്കാനായി. എന്നാല്‍ അപ്പോഴാണ് അര്‍ബന്‍ നക്‌സലുകളുടെ വരവ്. വ്യാജമുഖംമൂടി ധരിച്ച് രാജ്യത്തെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണമെന്നും മോഡി പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനം രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകള്‍ അതുല്യമാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യ തമ്മിലടിച്ച് തകരുമെന്ന് കരുതിയവര്‍ക്ക് മുന്നില്‍ ഐക്യം സാധ്യമാക്കി. ഈ സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും, പദ്ധതികളിലും ദേശീയ ഐക്യം പ്രകടമാണെന്നും മോഡി പറഞ്ഞു.