ഇറാൻ യുദ്ധം: എണ്ണവില നിയന്ത്രിക്കാൻ റഷ്യൻ എണ്ണയ്ക്ക് താൽക്കാലിക ഇളവ് നൽകി യുഎസ്

ഇറാൻ യുദ്ധം: എണ്ണവില നിയന്ത്രിക്കാൻ റഷ്യൻ എണ്ണയ്ക്ക് താൽക്കാലിക ഇളവ് നൽകി യുഎസ്


വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന യുദ്ധത്തെ തുടർന്ന് ആഗോള എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന ചില ഉപരോധങ്ങൾ അമേരിക്ക താൽക്കാലികമായി നീക്കി. നിലവിൽ കടൽ മാർഗം കപ്പലുകളിൽ കൊണ്ടുപോകുന്ന റഷ്യൻ എണ്ണ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കാൻ അനുവദിക്കുന്നതാണ് തീരുമാനം.

അമേരിക്കൻ ധനകാര്യ വകുപ്പ് നൽകിയ ഇളവ് ഏപ്രിൽ 11 വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. റഷ്യൻ എണ്ണ വിപണിയിൽ എത്തുന്നതോടെ ആഗോള വിപണിയിൽ കോടിക്കണക്കിന് ബാരൽ ക്രൂഡ് എണ്ണ കൂടി ലഭ്യമാകുകയും അതുവഴി എണ്ണവില നിയന്ത്രിക്കാനാകുമെന്നും യുഎസ് ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസന്റ്  പറഞ്ഞു. ഇറാൻ സംഘർഷത്തെ തുടർന്ന് എണ്ണവില ബാരലിന് ഏകദേശം 100 ഡോളർ വരെ ഉയർന്നിരിക്കുകയാണ്.

2022ൽ റഷ്യ യുക്രൈനിൽ അധിനിവേശം ചെയ്തതിനെ തുടർന്ന് അമേരിക്കയും 7 ജി രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണയ്ക്ക് വിലപരിധി നിശ്ചയിക്കുകയും ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിച്ചിരുന്ന 'ഷാഡോ ഫ്‌ളീറ്റ്' കപ്പലുകൾക്കെതിരെയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഇറാനുമായി സംഘർഷം രൂക്ഷമായതോടെ ഊർജ്ജവില ഉയരുന്നത് നിയന്ത്രിക്കാൻ ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പുതിയ നടപടികൾ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച കടലിൽ കാത്തുകിടന്നിരുന്ന റഷ്യൻ എണ്ണ ഇന്ത്യയിലേക്ക് എത്തിക്കാൻ അനുമതി നൽകിയതും ഇതിന്റെ ഭാഗമാണ്.

അതേസമയം ഈ ഇളവ് റഷ്യയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്നാണ് അമേരിക്കൻ അധികൃതരുടെ വിശദീകരണം. എന്നാൽ ചില സാമ്പത്തിക ലാഭം റഷ്യയ്ക്ക് ലഭിക്കാമെന്ന് ധനകാര്യ വകുപ്പ് സമ്മതിച്ചിട്ടുണ്ട്.

ഇതിനിടെ തീരുമാനം കടുത്ത വിമർശനത്തിനും ഇടയായി. സെനറ്റിലെ ഡെമോക്രാറ്റിക് നേതാക്കൾ ട്രംപ് ഭരണകൂടത്തെ വിമർശിച്ചു. ട്രംപ് ആരംഭിച്ച യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം കുറയ്ക്കാനാണ് റഷ്യയ്ക്ക് ഇളവ് നൽകിയതെന്ന് അവർ ആരോപിച്ചു.

വിപണി നിരീക്ഷകരുടെ കണക്കുകൾ പ്രകാരം നിലവിൽ ഏകദേശം 130 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ കടലിൽ കപ്പലുകളിൽ കൊണ്ടുപോകുന്ന നിലയിലാണ്. ഈ എണ്ണ വിപണിയിൽ എത്തുന്നത് ആഗോള വിപണിയിലെ വിതരണം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

എന്നാൽ ഈ തീരുമാനം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ഭിന്നത കൂടുതൽ വർധിപ്പിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരായ സാമ്പത്തിക സമ്മർദം തുടരണം എന്ന നിലപാടിലാണ്.