ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ച് വീണ്ടും ചർച്ചകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ ശക്തമായി സമ്മർദ്ദം ചെലുത്തുന്നതായി അറബ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്ത ഈ തീരുമാനം മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കാനിടയുണ്ടെന്നതാണ് റിയാദിന്റെ ആശങ്ക.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാർഗമായ ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള നീക്കം ഇറാനെ കൂടുതൽ കടുത്ത പ്രതികരണങ്ങളിലേക്ക് നയിക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുകയാണ് അമേരിക്കയുടെ ഉപരോധ ലക്ഷ്യം.
എന്നാൽ പ്രതികാരമായി ഇറാൻ ബാബ് അൽ മാൻഡെബ് കടലിടുക്ക് അടച്ചുപൂട്ടാൻ ശ്രമിക്കാമെന്ന ആശങ്ക സൗദി അധികാരികൾ പ്രകടിപ്പിച്ചു. റെഡ് സീയിലേക്കുള്ള ഈ പ്രധാന കടൽ മാർഗം സൗദിയുടെ ശേഷിക്കുന്ന എണ്ണ കയറ്റുമതിക്ക് നിർണായകമാണ്. അത് തടസ്സപ്പെട്ടാൽ ആഗോള എണ്ണവിതരണത്തിനും ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നിലക്കും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ, സൈനിക നടപടികൾക്കുപകരം നയതന്ത്ര മാർഗങ്ങൾ വഴി പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകത സൗദി വീണ്ടും ആവർത്തിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിർത്താൻ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ഹോർമുസ് ഉപരോധം പിൻവലിക്കണം: സംഘർഷം വ്യാപിക്കുമെന്ന ആശങ്കയിൽ സൗദി മുന്നറിയിപ്പ്
