ഇന്ത്യയ്ക്ക് തന്നെ പൂര്‍ണമായി വിശ്വസിക്കാമെന്ന് ട്രംപ്

ഇന്ത്യയ്ക്ക് തന്നെ പൂര്‍ണമായി വിശ്വസിക്കാമെന്ന് ട്രംപ്


ന്യൂഡല്‍ഹി: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇതുവരെ കാണാത്ത രീതിയില്‍ ശക്തമായിരിക്കുകയാണെന്നും ഇന്ത്യയ്ക്ക് തന്നെ പൂര്‍ണമായി വിശ്വസിക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന അമേരിക്കന്‍ എംബസിയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത ഓഡിയോ സന്ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച ട്രംപ് തനിക്ക് പ്രധാനമന്ത്രിയെ ഏറെ ഇഷ്ടമാണെന്നും മോഡി മഹാനായ നേതാവാണെന്നും അദ്ദേഹം തന്റെ സുഹൃത്താണെന്നും താന്‍ പ്രധാനമന്ത്രി മോഡദിയുടെ വലിയ ആരാധകനാണെന്നും പറഞ്ഞു.

ഇന്ത്യയുമായി ഇത്രയും അടുത്ത ബന്ധം അമേരിക്കയ്ക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഇന്ത്യയ്ക്ക് തന്നെയും തന്റെ രാജ്യത്തെയും 100 ശതമാനം ആശ്രയിക്കാമെന്നും ഇന്ത്യയ്ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ ആരെയാണ് വിളിക്കേണ്ടതെന്ന് അവര്‍ക്ക് അറിയാമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ സമ്പദ്വ്യവസ്ഥയും ഓഹരി വിപണിയും റെക്കോര്‍ഡ് നേട്ടങ്ങളിലെത്തിയിരിക്കുകയാണെന്നും ഇന്ത്യയുമായി എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ സന്നിഹിതനായിരുന്നു. വന്‍ സ്‌ക്രീനിലൂടെയായിരുന്നു ട്രംപിന്റെ സന്ദേശം പങ്കുവെച്ചത്.

അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ചടങ്ങില്‍ സംസാരിക്കവെ ട്രംപും മോഡിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് ഇന്ത്യ- അമേരിക്ക ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതെന്ന് പറഞ്ഞു.

പ്രസിഡന്റ് ട്രംപുമായി സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം ആദ്യം ചോദിക്കുന്നത് തന്റെ സുഹൃത്ത് പ്രധാനമന്ത്രി എങ്ങനെയുണ്ട്? എന്നതാണ്. ഇത് പുതിയ ബന്ധമല്ലെന്നും ഏറെ കാലമായി നിലനില്‍ക്കുന്ന ആത്മബന്ധമാണെന്നും ഗോര്‍ പറഞ്ഞു.

സാമ്പത്തിക, തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ഫസ്റ്റ് എന്നത് അമേരിക്ക ഒറ്റയ്ക്ക് എന്നല്ല, ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായ അവസരങ്ങള്‍ കണ്ടെത്താനാണ് തങ്ങളുടെ ശ്രമമെന്നും ഗോര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- അമേരിക്ക ബന്ധം പുതിയ യുഗത്തിന്റെ അടിത്തറ ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല വ്യാപാര കരാര്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കകം ഒപ്പുവയ്ക്കാനിടയുണ്ടെന്നും അദ്ദേഹം സൂചന നല്‍കി.

ആഘോഷിക്കുന്നത് ചരിത്രം മാത്രമല്ലെന്നും ഇന്ത്യ- അമേരിക്ക ബന്ധത്തിലെ അസാധാരണ മുന്നേറ്റം മുന്നോട്ടുകൊണ്ടുപോകുന്ന പുതിയ കാലഘട്ടത്തെയാണെന്നും ഗോര്‍ പറഞ്ഞു.