ഇന്ത്യന്‍, ചൈനീസ് വംശജര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങള്‍: ട്രംപിനെതിരെ അമേരിക്കന്‍ ജനപ്രതിനിധികളുടെ പ്രമേയം

ഇന്ത്യന്‍, ചൈനീസ് വംശജര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങള്‍: ട്രംപിനെതിരെ അമേരിക്കന്‍ ജനപ്രതിനിധികളുടെ പ്രമേയം


വാഷിങ്ടണ്‍: ഇന്ത്യന്‍- അമേരിക്കന്‍, ചൈനീസ്- അമേരിക്കന്‍ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് അംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിവാദ പോസ്റ്റിന് പിന്നാലെയാണ് നടപടി.

ഇന്ത്യയെയും ചൈനയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളോടൊപ്പം കുടിയേറ്റക്കാരുടെ അമേരിക്കയോടുള്ള വിശ്വസ്തത ചോദ്യം ചെയ്ത റേഡിയോ അവതാരകന്‍ മൈക്കല്‍ സാവേജിന്റെ പോസ്റ്റ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കോണ്‍ഗ്രസ് അംഗങ്ങളായ രാജകൃഷ്ണമൂര്‍ത്തി, ടെഡ് ലിയു, പ്രമീള ജയ്പാല്‍ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ അമേരിക്കയില്‍ ഉയര്‍ന്നുവരുന്ന ഏഷ്യന്‍ വിരുദ്ധ വിദ്വേഷത്തിനും അതിക്രമങ്ങള്‍ക്കും പ്രേരണയാകുന്നുവെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

ഇന്ത്യന്‍- അമേരിക്കന്‍, ചൈനീസ്- അമേരിക്കന്‍ സമൂഹങ്ങളെ ലക്ഷ്യമിട്ട് പ്രസിഡന്റ് ട്രംപ് വംശീയ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നത് അതീവ അപകടകരമായ സന്ദേശമാണ് നല്‍കുന്നതെന്നും ഇതിനകം തന്നെ ഈ സമൂഹങ്ങള്‍ വിവേചനവും വിദ്വേഷവും നേരിടുകയാണെന്നും രാജ കൃഷ്ണമൂര്‍ത്തി ആരോപിച്ചു.

ഇന്ത്യന്‍- അമേരിക്കക്കാരും ചൈനീസ്- അമേരിക്കക്കാരും അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും ശക്തിപ്പെടുത്തിയവരാണെന്നും സൈന്യത്തിലടക്കമുള്ള വിവിധ മേഖലകളില്‍ രാജ്യത്തിന് സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍ വംശജരെ ദീര്‍ഘകാലമായി വിദേശികള്‍ എന്ന നിലയിലാണ് കാണുന്നതെന്ന് കുട്ടിക്കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ ടെഡ് ലിയു വിമര്‍ശിച്ചു. വംശീയവും വിദ്വേഷപരവുമായ പ്രസ്താവനകള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്നും കുടിയേറ്റക്കാര്‍ ഓരോ ദിവസവും ഈ രാജ്യത്തെ ശക്തിപ്പെടുത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ജനശ്രദ്ധ തിരിക്കാന്‍ വംശീയതയും വിദ്വേഷ രാഷ്ട്രീയവും ഉപയോഗിക്കുകയാണെന്ന് പ്രമീള ജയപാല്‍ ആരോപിച്ചു. ഇതിനകം തന്നെ ഉയര്‍ന്നുവരുന്ന ഏഷ്യന്‍ വിരുദ്ധ വിദ്വേഷത്തിന് ഇത്തരം പ്രസ്താവനകള്‍ കൂടുതല്‍ ഇന്ധനമാകുമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍, ചൈനീസ് വംശജര്‍ക്കെതിരായ വംശീയ ഭാഷ ഉപയോഗിച്ചതിനെ പ്രമേയം അപലപിക്കുന്നു. ജനപ്രതിനിധികള്‍ വംശീയ വിഭജനമോ സ്റ്റീരിയോടൈപ്പുകളോ പ്രോത്സാഹിപ്പിക്കുന്ന ഭാഷ ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

കൂടാതെ ഇന്ത്യന്‍- അമേരിക്കക്കാരും ചൈനീസ്- അമേരിക്കക്കാരും ഉള്‍പ്പെടെയുള്ള കുടിയേറ്റ സമൂഹങ്ങള്‍ അമേരിക്കയുടെ സാമൂഹിക ഘടനയിലെ നിര്‍ണായക ഘടകങ്ങളാണെന്നും പ്രമേയം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏഷ്യന്‍ വിരുദ്ധ വിദ്വേഷം ഗണ്യമായി വര്‍ധിച്ചതായും പ്രത്യേകിച്ച് ദക്ഷിണേഷ്യന്‍ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണപരമായ പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നതായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റോപ്പ് എഎപിഐ ഹേറ്റ്, ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിംഗ് ജസ്റ്റിസ് തുടങ്ങിയ പൗരാവകാശ സംഘടനകളും പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യന്‍- അമേരിക്കന്‍ സമൂഹം അമേരിക്കയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കുടിയേറ്റ സമൂഹങ്ങളിലൊന്നാണെന്നും സാങ്കേതിക വിദ്യ, രാഷ്ട്രീയം, വിദ്യാഭ്യാസം, സൈന്യം തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.