ന്യൂഡല്‍ഹി: അമേരിക്ക- ഇറാന്‍ സമാധാന കരാറിനുള്ള പ്രതീക്ഷകള്‍ ശക്തമായതോടെ ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ കുത്തനെ ഇടിവ്. തിങ്കളാഴ്ച തുടക്ക വ്യാപാരത്തില്‍ എണ്ണവില അഞ്ച് ശതമാനത്തിലേറെ താഴ്ന്നതോടെ ഏഷ്യന്‍ ഓഹരി വിപണികളിലും നേട്ടമുണ്ടായി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞായറാഴ്ച രാത്രി 11 മണിയോടെ നോര്‍ത്ത് സീ ബ്രെന്റ് ക്രൂഡ് ബാരലിന് 5.1 ശതമാനം ഇടിഞ്ഞ് 98.22 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ) ക്രൂഡ് 5.2 ശതമാനം താഴ്ന്ന് 91.57 ഡോളറായശേഷം നേരിയ തിരിച്ചുവരവും രേഖപ്പെടുത്തി.
ജപ്പാനിലെ നിക്കെയ് ഓഹരി സൂചിക 2.5 ശതമാനത്തിലേറെ ഉയര്‍ന്നു. സിഡ്‌നി വിപണിയിലും നേരിയ നേട്ടമുണ്ടായപ്പോള്‍ ഹോങ്കോങ്ങും സിയോളും പൊതുഅവധി കാരണം അടഞ്ഞുകിടന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാര്‍ ചര്‍ച്ചചെയ്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന് സൂചിപ്പിച്ചതോടെയാണ് വിപണിയില്‍ ആശ്വാസമുണ്ടായത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ഇരുരാജ്യങ്ങളും തത്വത്തില്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ ഒപ്പുവച്ചതിന് 30 ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് മടങ്ങുമെന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍, പുതിയ ചര്‍ച്ചകള്‍ക്ക് വേദിയാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ചര്‍ച്ചകള്‍ സംഘടിതവും സൃഷ്ടിപരവുമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും കരാറിലേക്ക് അതിവേഗം നീങ്ങരുത് എന്ന നിര്‍ദേശം അമേരിക്കന്‍ പ്രതിനിധികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ആഗോള എണ്ണ വിലയിലെ ഇടിവ് ഇന്ത്യയ്ക്ക് താത്ക്കാലിക ആശ്വാസമാകാമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 85 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ബ്രെന്റ് ക്രൂഡ് വില കുറഞ്ഞാല്‍ എണ്ണ വിപണന കമ്പനികളിലെ സമ്മര്‍ദ്ദം കുറയുകയും ഉടന്‍ വീണ്ടും ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഒഴിവാകുകയും ചെയ്യാം.
കഴിഞ്ഞ 10 ദിവസത്തിനിടെ നാല് തവണയാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. ഏറ്റവും ഒടുവില്‍ പെട്രോളിന് ലിറ്ററിന് 2.61യും ഡീസലിന് 2.71യും കൂട്ടിയിരുന്നു.
എണ്ണ വില കുറയുന്നത് പണപ്പെരുപ്പ നിയന്ത്രണത്തിനും ഗതാഗത- ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും സഹായകരമാകും. ഇറക്കുമതി ചെലവ് കുറയുന്നതോടെ രൂപയുടെ മേലുള്ള സമ്മര്‍ദ്ദവും ലഘൂകരിക്കാനാകും. വ്യോമയാനം, ഗതാഗതം, നിര്‍മാണം തുടങ്ങിയ ഇന്ധന ആശ്രിത മേഖലകള്‍ക്കും ഇത് ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
എന്നാല്‍, അമേരിക്ക- ഇറാന്‍ പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അനിശ്ചിതത്വം തുടരുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗള്‍ഫ് മേഖലയിലെ കപ്പല്‍ ഗതാഗത പാതകളിലും ഹോര്‍മുസ് കടലിടുക്കിലും വീണ്ടും സംഘര്‍ഷം ശക്തമായാല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും അതിന്റെ പ്രതിഫലനം ഇന്ത്യയിലെ ഇന്ധനവിലയിലും പ്രകടമാകാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
