വാഷിങ്ടണ്‍: മനുഷ്യന്റെ ചിന്തകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിയന്ത്രിക്കാനും പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും കാഴ്ച ലഭ്യമാക്കാനും സഹായിക്കുന്ന ന്യൂറാലിങ്ക് സാങ്കേതികവിദ്യയെ 'ജീസസ് തലത്തിലുള്ള അത്ഭുത സാങ്കേതികവിദ്യ'യായി വിശേഷിപ്പിച്ച് ടെക് വ്യവസായി ഇലോണ്‍ മസ്‌ക്. പരാമര്‍ശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും ഇടയാക്കി.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മസ്‌ക് ന്യൂറാലിങ്കിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. മനുഷ്യര്‍ കരുതുന്നതിലും വമ്പിച്ച മുന്നേറ്റമാണ് ന്യൂറാലിങ്ക് എന്നാണ് അദ്ദേഹം കുറിച്ചത്.
മനുഷ്യ മസ്തിഷ്‌കത്തെയും ഡിജിറ്റല്‍ ഉപകരണങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന 'ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ്' (ബി സി ഐ) സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം. ശരീരചലന ശേഷി നഷ്ടപ്പെട്ട രോഗികള്‍ക്ക് വീണ്ടും കമ്പ്യൂട്ടറുകളുമായി ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് മസ്‌കിന്റെ അവകാശവാദം.
പക്ഷാഘാതം ബാധിച്ച 20-ലേറെ രോഗികളില്‍ ന്യൂറാലിങ്കിന്റെ 'ടെലിപതി' ബി സി ഐ ഉപകരണം വിജയകരമായി സ്ഥാപിച്ചതായും കമ്പനി പറയുന്നു. ഇതിലൂടെ രോഗികള്‍ക്ക് ചിന്തകള്‍ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും റോബോട്ടിക് സംവിധാനങ്ങളും നിയന്ത്രിക്കാന്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്ക് ശബ്ദം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഇംപ്ലാന്റുകളിലും കമ്പനി പരീക്ഷണം നടത്തുന്നുണ്ട്. 'ബ്ലൈന്‍ഡ്സൈറ്റ്' എന്ന പുതിയ ഇംപ്ലാന്റ് ഭാവിയില്‍ കാഴ്ചശേഷി പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും മസ്‌ക് പ്രകടിപ്പിച്ചു. ഭാവിയില്‍ 'മനുഷ്യാതീത കാഴ്ചശേഷി' വരെ ഈ സാങ്കേതികവിദ്യ നല്‍കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിലെ ടെല്‍ അവീവില്‍ നടന്ന സാംസണ്‍ ഇന്റര്‍നാഷണല്‍ സ്മാര്‍ട്ട് മൊബിലിറ്റി സമ്മേളനത്തില്‍ സംസാരിക്കവെയാണ് മസ്‌ക് വിവാദ പരാമര്‍ശം നടത്തിയത്.
ടെട്രാപ്ലീജിയ ബാധിച്ചവര്‍ക്ക് വീണ്ടും ശരീര നിയന്ത്രണം നല്‍കുന്നതും കാഴ്ച തിരിച്ചുകൊടുക്കുന്നതും അത്യന്തം വലിയ കാര്യങ്ങളാണെന്നും അതിനെ താന്‍ 'ജീസസ് തലത്തിലുള്ള സാങ്കേതികവിദ്യ' എന്ന് വിളിക്കുമെന്നും മസ്‌ക് പറഞ്ഞു.
അതേസമയം, മതപരമായ ഉപമ ഉപയോഗിച്ചുള്ള മസ്‌കിന്റെ പരാമര്‍ശം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ചിലര്‍ ഇത് സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചുള്ള അതിശയോക്തിപരമായ വിശേഷണമെന്നു വിലയിരുത്തിയപ്പോള്‍ മറ്റുചിലര്‍ മതവിശ്വാസങ്ങളെ അനാവശ്യമായി ഉള്‍പ്പെടുത്തിയതായും വിമര്‍ശിച്ചു.
സ്‌പേസ് എക്‌സ് സി ഇ ഒയായ മസ്‌ക് മനുഷ്യ നിര്‍മിത എഞ്ചിനീയറിങ് അത്ഭുതങ്ങളുടെ അവസാനഘട്ടത്തിലേക്കാണ് ലോകം നീങ്ങുന്നതെന്നും കൃത്രിമ ബുദ്ധി ഭാവിയിലെ രൂപകല്‍പനയും നവീകരണവും പൂര്‍ണമായി മാറ്റിമറിക്കുമെന്നും അഭിപ്രായപ്പെട്ടു.
സ്റ്റാര്‍ട്ടപ്പ് ഡേറ്റ പ്ലാറ്റ്‌ഫോമായ ട്രാക്ക് എക്‌സ്എന്നിന്റെ കണക്കുപ്രകാരം ന്യൂറാലിങ്ക് ഇതുവരെ ഏകദേശം 1.29 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. കമ്പനിയുടെ മൂല്യം ഏകദേശം 9 ബില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ടുണ്ട്. 2026 മുതല്‍ ബ്രെയിന്‍-ചിപ്പ് ഉപകരണങ്ങളുടെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.
