അമേരിക്കൻ ഉപരോധം രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ഇറാൻ

അമേരിക്കൻ ഉപരോധം രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ഇറാൻ


ടെഹ്‌റാൻ: ഇറാന്റെ തുറമുഖങ്ങൾ ചുറ്റിയുള്ള അമേരിക്കൻ നാവിക ഉപരോധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇറാൻ രംഗത്തെത്തി. രാജ്യത്തിന്റെ സ്വാധീനത്തെയും ഭൗമ അഖണ്ഡതയെയും ഗുരുതരമായി ലംഘിക്കുന്ന നടപടിയാണിതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇറാൻ പ്രതിനിധി അമീർ സയീദ് ഇറാവാനി വ്യക്തമാക്കി. യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

ഈ ഉപരോധം അന്താരാഷ്ട്ര സമുദ്രനിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും വിരുദ്ധമാണെന്ന് ഇറാവാനി ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ അതീവ സംഘർഷഭരിതമായ മേഖലയിലുള്ള സാഹചര്യത്തിൽ ഈ നടപടി അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണെന്നും സംഘർഷം കൂടുതൽ രൂക്ഷമാക്കാനുള്ള സാധ്യത ഉയർത്തുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ മിഡിൽ ഈസ്റ്റ് യുദ്ധത്തിന്റെ പ്രതിഫലനം ആഗോളതലത്തിലു രൂക്ഷമായി അനുഭവപ്പെടുകയാണ്. ജെറ്റ് ഇന്ധനവില കുത്തനെ ഉയർന്നതോടെ ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ഖാന്താസ് വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുകയാണ്. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ മാത്രം ഇന്ധനച്ചെലവിൽ ഏകദേശം 800 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 570 മില്യൺ അമേരിക്കൻ ഡോളർ) അധികമായി ചെലവാകാമെന്ന് കമ്പനി അറിയിച്ചു.

യുദ്ധത്തെ തുടർന്ന് ജെറ്റ് ഇന്ധനവില ഇരട്ടിയിലധികമായി ഉയർന്നെന്നും ഇപ്പോഴും അതീവ അനിശ്ചിതത്വത്തിൽ നിലനിൽക്കുകയാണെന്നും കമ്പനിയുടെ വിപണി അപ്‌ഡേറ്റിൽ പറയുന്നു. 2026ലെ രണ്ടാം പാദത്തിൽ ഇന്ധനച്ചെലവ് 3.1 മുതൽ 3.3 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ എത്തുമെന്നാണ് പുതിയ കണക്ക്. മുമ്പത്തെ കണക്കിൽ ഇത് 2.5 ബില്യൺ ഡോളറായിരുന്നു.

ഇന്ധനവിതരണം തടസ്സപ്പെടാതിരിക്കാനായി ഓസ്‌ട്രേലിയൻ സർക്കാരുമായും വിതരണക്കാരുമായും ഖാന്താസ് അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ഏപ്രിൽ അവസാനം മുതൽ മേയ് വരെയുള്ള കാലയളവിൽ ഇന്ധനവിതരണം സാധാരണ നിലയിൽ തുടരാമെന്ന പ്രതീക്ഷയുണ്ടെന്നും കമ്പനി അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.