അതിര്‍ത്തികളില്‍ ശക്തമായ നിയന്ത്രണമുണ്ട്; സുരക്ഷാ ആശങ്കകളൊന്നുമില്ലെന്ന് ഇറാന്‍

അതിര്‍ത്തികളില്‍ ശക്തമായ നിയന്ത്രണമുണ്ട്; സുരക്ഷാ ആശങ്കകളൊന്നുമില്ലെന്ന് ഇറാന്‍


തെഹ്‌റാന്‍: സമുദ്രാതിര്‍ത്തികള്‍ ഉള്‍പ്പെടെ ഇറാന്‍ അതിര്‍ത്തികളിലൊന്നും ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ രാജ്യം നേരിടുന്നില്ലെന്ന് തെഹ്‌റാന്‍ വ്യക്തമാകകി. ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ക്ക് ശക്തവും സമഗ്രവുമായ നിയന്ത്രണമുണ്ടെന്നും അതിര്‍ത്തികളില്‍ ഓരോ മീറ്ററിലും ആധിപത്യമുണ്ടെന്നും അതിനാല്‍ ശത്രുവിന് ഒന്നും ആസൂത്രണം ചെയ്യാന്‍ പോലും അവസരം നല്‍കിയില്ലെന്നും ഇറാന്റെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി അലി സെയ്നിവാണ്ട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഇറാനിയന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതോ പുറത്തുകടക്കുന്നതോ ആയ കപ്പലുകളെ അമേരിക്ക ഉപരോധിക്കും എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചതിനു പിന്നാലെയാണ് ഇറാന്‍ ഡപ്യൂട്ടി ആഭ്യന്തര മന്ത്രി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. 

ഇറാനിയന്‍ തുറമുഖങ്ങളല്ലാത്ത തുറമുഖങ്ങളിലേക്കും തിരിച്ചും ഹോര്‍മുസ് വഴിയുള്ള കപ്പലുകളെ തടസ്സപ്പെടുത്തില്ലെന്ന് യു എസ് സൈന്യം വ്യക്തമാക്കി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള മാനുഷിക കയറ്റുമതി പരിശോധനയ്ക്ക് വിധേയമായി അനുവദിക്കുമെന്ന് സൈന്യം പ്രസ്താവിച്ചു.

എന്നാല്‍ ചരക്ക് എന്താണെന്ന് വ്യക്തമാക്കാന്‍ ഏത് കപ്പലുകളിലും അന്വേഷണം നടത്താന്‍ അവകാശമുണ്ടെന്നാണ് യു എസ് പറയുന്നത്. ഉപരോധ പ്രദേശത്തേക്ക് അനുമതിയില്ലാതെ പ്രവേശിക്കുകയോ പോകുകയോ ചെയ്യുന്ന ഏതൊരു കപ്പലും തടസ്സപ്പെടുത്തല്‍, വഴിതിരിച്ചുവിടല്‍, പിടിച്ചെടുക്കല്‍ എന്നിവയ്ക്ക് വിധേയമാണെന്നും പതാക പരിഗണിക്കാതെ ഉപരോധം എല്ലാ കപ്പല്‍ ഗതാഗതത്തിനും ബാധകമാണെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ  അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ആര്‍സെനിയോ ഡൊമിംഗ്വസ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര നിയമം അനുസരിച്ച്, അന്താരാഷ്ട്ര ഗതാഗതത്തിനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര കടലിടുക്കുകളിലൂടെ കടന്നുപോകാനുള്ള അവകാശമോ നാവിഗേഷന്‍ സ്വാതന്ത്ര്യമോ നിരോധിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ഡൊമിംഗ്വസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.