ഇരട്ട വോട്ട് തടയാന്‍ ബയോമെട്രിക് തിരിച്ചറിയല്‍ ഏര്‍പ്പെടുത്തണമെന്ന് ഹര്‍ജി

ഇരട്ട വോട്ട് തടയാന്‍ ബയോമെട്രിക് തിരിച്ചറിയല്‍ ഏര്‍പ്പെടുത്തണമെന്ന് ഹര്‍ജി


ന്യൂഡല്‍ഹി: ഇരട്ടവോട്ട് തടയാന്‍ പോളിങ് സ്റ്റേഷനുകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, വിവിധ സംസ്ഥാനങ്ങള്‍ എന്നിവരോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അടുത്ത പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി ബയോമെട്രിക് സംവിധാനം നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിര്‍ദേശം ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍മാരുടെ തിരിച്ചറിയലിനായി വിരലടയാളവും കണ്ണിലെ കൃഷ്ണമണിയുടെ സ്‌കാനിങ്ങും ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.