വോട്ടിംഗ് ശതമാനം പുറത്തു വിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ദിവസങ്ങള്‍

വോട്ടിംഗ് ശതമാനം പുറത്തു വിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ദിവസങ്ങള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കു ശേഷം പോളിങ് ശതമാനം പുറത്തു വിട്ട് തെരഞ്ഞെടുപ്പു കമ്മിഷന്‍. സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ 79.63 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പു ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 


കൃത്യമായ കണക്ക് ലഭിക്കാന്‍ സമയം ആവശ്യമാണെന്നും അന്തിമ കണക്ക് വരുന്നതോടെ പോളിങ് ശതമാനത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും ഖേല്‍ക്കര്‍ വ്യക്തമാക്കി.


പോളിങ് കണക്കുകള്‍ പുറത്തു വിടാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2,71,42,952 പേരുള്ള പട്ടിക പ്രകാരം 78.97 ശതമാനം പേര്‍ ബൂത്തുകളില്‍ നേരിട്ടെത്തി വോട്ടു രേഖപ്പെടുത്തി.


മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അവശ്യ സര്‍വീസുകാര്‍, തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നിവരുടെ 3,68,193 വോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് 79.63 ശതമാനമായത്. ഇനി 53,984 സര്‍വീസ് വോട്ടുകളുടെ വിവരങ്ങള്‍ കൂടി ലഭിക്കാനുണ്ട്. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിനൊപ്പം ഈ കണക്കുകളും പുറത്തു വിടും.