ടെഹ്രാൻ/ വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചയിൽ കരാർ ഏകദേശം പൂർത്തിയാകാനിരിക്കെ അവസാന നിമിഷത്തിലാണ് തടസ്സങ്ങൾ നേരിട്ടതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി സയദ് അബ്ബാസ് അറാഘ്ചി വ്യക്തമാക്കിയത്.
പാകിസ്ഥാനിലെ ഇസ് ലാമാബാദിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം, ധാരണയ്ക്ക് 'ഇഞ്ചുകൾ മാത്രം ബാക്കിയിരിക്കെ' നിലപാടുകളിൽ മാറ്റവും പുതിയ വ്യവസ്ഥകളും തടസ്സങ്ങളായി മാറിയതായാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.
ഏകദേശം 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ചർച്ചകളിലൊന്നായ ഈ കൂടിക്കാഴ്ചയിൽ, യുദ്ധം അവസാനിപ്പിക്കാനാണ് ഇറാൻ സത്യസന്ധമായി ഇടപെട്ടതെന്നും അറാഘ്ചി വ്യക്തമാക്കി. എന്നാൽ അവസാന ഘട്ടത്തിൽ എതിർപക്ഷത്തിന്റെ കർശന നിലപാടുകളും വിശ്വാസക്കുറവും കരാർ തകരാൻ കാരണമായതായി അദ്ദേഹം സൂചിപ്പിച്ചു.
ഇതിനിടെ , അമേരിക്ക ഏകപക്ഷീയ നിലപാട് ഉപേക്ഷിച്ച് ഇറാന്റെ അവകാശങ്ങളെ മാനിക്കുകയാണെങ്കിൽ കരാറിലേക്ക് എത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ പറഞ്ഞു.
കരാർ ഉണ്ടാക്കാനുള്ള മനസോടെ ഇറാൻ എത്തിയെങ്കിലും മറുവശത്തിന്റെ വിശ്വാസം നേടാനായില്ലെന്ന് പാകിസ്ഥാനിൽ നടന്ന ചർച്ചയിൽ ഇറാൻ പ്രതിനിധിസംഘത്തെ നയിച്ച പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഖലിബാഫ് പ്രതികരിച്ചു.
അതേസമയം, ചർച്ചയിൽ പല വിഷയങ്ങളിലും ധാരണയായിരുന്നുവെങ്കിലും പ്രധാന വിഷയമായ ആണവ പദ്ധതിയിൽ ഇറാൻ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു.
ഇതിനൊപ്പം, ഇറാനിലെ തുറമുഖങ്ങളിലേക്കും അവിടുനിന്നുമുള്ള കടൽഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ സൈനിക വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ മറ്റ് രാജ്യങ്ങളിലേക്കുള്ള കപ്പൽഗതാഗതത്തെ തടസപ്പെടുത്തില്ലെന്നും വ്യക്തമാക്കി.
ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടിയേറ്റിരിക്കുകയാണ്. കരാർ അവസാന നിമിഷത്തിൽ തകർന്നത് മേഖലയിലെ അനിശ്ചിതത്വം കൂടുതൽ വർധിപ്പിച്ചതായാണ് വിലയിരുത്തൽ.
'കരാർ കൈവിട്ടത് അവസാന നിമിഷം: അമേരിക്ക-ഇറാൻ ചർച്ചയിൽ എന്ത് സംഭവിച്ചു എന്ന് വിശദീകരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
