നൈജീരിയയിൽ വ്യോമാക്രമണം പിഴച്ചു: മാർക്കറ്റിൽ ബോംബാക്രമണം, 100ൽ അധികം സാധാരണക്കാർ കൊല്ലപ്പെട്ടു

നൈജീരിയയിൽ വ്യോമാക്രമണം പിഴച്ചു: മാർക്കറ്റിൽ ബോംബാക്രമണം, 100ൽ അധികം സാധാരണക്കാർ കൊല്ലപ്പെട്ടു


നൈജർ: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ വ്യോമസേന നടത്തിയ ആക്രമണം പിഴച്ചതിനെ തുടർന്ന് നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജിഹാദി സംഘടനയായ ബോക്കോ ഹറാമിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും തിരക്കേറിയ മാർക്കറ്റിൽ ബോംബുകൾ പതിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

യോബ് സ്‌റ്റേറ്റിൽ, ബോർണോ സംസ്ഥാന അതിർത്തിക്ക് സമീപമുള്ള ജില്ലി ആഴ്ച്ചമാർക്കറ്റിലാണ് സംഭവം. ചില റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 200 വരെ ഉയരാനിടയുണ്ടെന്നും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പറയുന്നു.

വ്യോമാക്രമണം പിഴച്ചതായി സംസ്ഥാന സർക്കാർ സമ്മതിച്ചു. ബോക്കോ ഹറാം ശക്തികേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ സാധാരണക്കാർ കൂടുതലായി ഉണ്ടായിരുന്ന മാർക്കറ്റാണ് ആക്രമണത്തിൽ തകർന്നത്.

 കുറഞ്ഞത് 100 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥിരീകരിച്ചു. രക്ഷപ്പെട്ടവരോടും ആശുപത്രികളുമായും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്തുവിട്ടത്.

ബോക്കോ ഹറാം പോരാളികൾ മാർക്കറ്റിന് സമീപം ഒത്തുകൂടിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ പറയുന്നു. വിശ്വസനീയമായ വിവരത്തെ അടിസ്ഥാനമാക്കിയായിരുന്നു നടപടി എന്നാണു സുരക്ഷാസംഘങ്ങൾ പറയുന്നത്.

അതേസമയം, ഭീകരകേന്ദ്രത്തെയും ലോജിസ്റ്റിക് കേന്ദ്രത്തെയും ലക്ഷ്യമിട്ട് വിജയകരമായ ആക്രമണമാണുണ്ടായതെന്നും നിരവധി ഭീകരരെ വധിച്ചെന്നും നൈജീരിയൻ സൈന്യം അറിയിച്ചു. എന്നാൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടില്ല.

സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളും ചികിത്സാ സഹായവും പുരോഗമിക്കുകയാണ്. പ്രദേശവാസികൾ ശാന്തരാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ മേഖലയിലെ ഭീകരപ്രവർത്തനങ്ങൾ തുടരുകയാണ്. പടിഞ്ഞാറൻ ആഫ്രിക്ക പ്രവിശ്യാ ഇസ്ലാമിക് സ്‌റ്റേറ്റ്  ഉൾപ്പെടെയുള്ള സായുധസംഘങ്ങൾ സജീവമായതിനാൽ നൈജീരിയ ഇപ്പോഴും ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയിലാണ്.