തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്തതിനെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. പ്രസ്തുത വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് കുഴപ്പമെന്നും നിയമപരമായ തടസങ്ങളില്ലെന്നും എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇരുവരുടെയും കൈയിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പൊലീസ് പരിശോധിച്ചിരുന്നതായും രണ്ടിലും ഒരേ ജനന തിയ്യതി ആയിരുന്നുവെന്നും റിയല്‍ കേരള സ്റ്റോറി തന്നെയായിരുന്നു ആ വിവാഹമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. എത്രയോ കേസുകള്‍ അഭിമുഖീകരിച്ചാണ് ഇവിടെ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസ് വരുമ്പോള്‍ പേടിച്ച് മാളത്തില്‍ ഒളിക്കുന്ന സൈസല്ല തങ്ങളെന്നും കേരളത്തില്‍ വിവാഹം കഴിക്കാന്‍ പറ്റുന്ന അന്തരീക്ഷമുണ്ടെന്ന് മനസിലാക്കിയാണ് ചെറുപ്പക്കാര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്, ക്ഷേത്ര കമ്മറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരെല്ലാം രേഖകള്‍ പരിശോധിച്ചിട്ടുണ്ടെന്നും രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ വിവാഹം കഴിക്കുന്നതിനെ സംഘപരിവാര്‍ ഭീഷണിയായി കാണുന്നുവെന്നും വിവാദങ്ങള്‍ക്കു പിന്നില്‍ അവരാണെന്നും അദ്ദേഹം പറഞ്ഞു.
