ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്ന് ബി ജെ പി നേതാവ്

ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്ന് ബി ജെ പി നേതാവ്


തിരുവനന്തപുരം: വോട്ടിന് നോട്ട് നല്‍കി അങ്കലാപ്പിലായ ശോഭാ സൂരേന്ദ്രന്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്. ബി ജെ പി നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ ശോഭയ്്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി ബി ജെ പി നേതാവും രംഗത്തെത്തി.

ബി ജെ പി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ബിന്ദു വിനയകുമാറാണ് ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചത്. ശോഭയുടെ രാഷ്ട്രീയ നീക്കങ്ങളിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നും ശോഭാ സുരേന്ദ്രന്റെ ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ജസ്റ്റിന് എന്ത് സംഭവിച്ചെന്ന് അന്വേഷണം നടത്തിയാല്‍ പല രഹസ്യങ്ങളും പുറത്തു വരുമെന്നും ബിന്ദു പറഞ്ഞു. ഇത് കൂടാതെ ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ മരണവുമായി ബന്ധപ്പെട്ടും ബിന്ദു ആരോപണം ഉന്നയിച്ചു.

രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസം മറ്റു ബി ജെ പി നേതാക്കള്‍ ഒളിവില്‍ പോയിട്ടും രഞ്ജിത്തിനെ മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ബിന്ദു വിനയകുമാര്‍ ഉന്നയിച്ചു. ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിന്ദു വിനയകുമാറിനെ ബി ജെ പിയില്‍ നിന്നും സംസ്ഥാന നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

നേരത്തെ ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബിന്ദു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശോഭ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശവും അവര്‍ പുറത്തുവിട്ടു. കണ്ണാടി തരുവക്കുറിശിയില്‍ ബി ജെ പി പ്രവര്‍ത്തക വയോധികയ്ക്ക് അയ്യായിരം രൂപ നല്‍കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ശോഭയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിവാദത്തിന് പിന്നില്‍ ബിന്ദുവാണ് എന്നാരോപിച്ച് ശോഭാ സുരേന്ദ്രന്‍ അവരെ ഫോണില്‍ വിളിച്ച് അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു. 

നിങ്ങള്‍ ബി ജെ പി പ്രവര്‍ത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങിയത്. വോട്ടര്‍ക്ക് പണം നല്‍കിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറിലാണെന്നും വിവാദത്തിനു പിന്നാല്‍ ബിന്ദുവാണെന്നും കോടതി കയറ്റുമെന്നും ഭീഷണിയുണ്ട്. സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്നും ശോഭ പറയുന്നുണ്ട്.

ശോഭാ സുരേന്ദ്രനെതിരെ ബിന്ദു പൊലീസില്‍ പരാതി നല്‍കി. കോള്‍ റെക്കോര്‍ഡ് അടക്കമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചുവെന്നും തന്നെയും ഭര്‍ത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയതെന്നും ബിന്ദു പറഞ്ഞു. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍നിന്ന് മത്സരിച്ചിരുന്നു. അന്നു മുതല്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.