ടെഹ്രാൻ: അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാനിൽ നടന്ന ചർച്ച ഫലം കാണാതെ അവസാനിച്ചതിനെ തുടർന്ന് ഹോർമൂസ് കടലിടുക്കിന്റെ നിലയിൽ മാറ്റമുണ്ടാകില്ലെന്ന് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തുടർചർച്ചകൾക്കായി പൊതുവായ നിലപാട് രൂപപ്പെടുത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
'അതിവേഗ തീരുമാനം എടുക്കാനുള്ള അത്യാവശ്യ സാഹചര്യം ഇറാന് ഇല്ല. ഹോർമുസ് കടലിടുക്കിന്റെ നിലവിലെ സ്ഥിതി തുടരും,' എന്നാണ് ഒരു ഇറാനിയൻ ഉറവിടം വ്യക്തമാക്കിയത്. കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കുന്ന കപ്പലുകളുടെ എണ്ണവും നിലവിലെ നിലയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'മുമ്പ് ധാരണയായിരുന്ന കപ്പലുകളുടെ എണ്ണവും ഇനി അനുവദിക്കില്ല,' എന്നും ഉറവിടം ചൂണ്ടിക്കാട്ടി. ചർച്ചകൾ യാഥാർത്ഥ്യപരമായ പരിഹാരത്തിലേക്ക് എത്തിച്ചേരാത്ത പക്ഷം, പെർഷ്യൻ ഗൾഫിനെയും ഗൾഫ് ഓഫ് ഒമാനെയും ബന്ധിപ്പിക്കുന്ന ഈ നിർണായക കടൽപാത സമുദ്ര ഗതാഗതത്തിന് തുറന്നുകൊടുക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്കയും-ഇറാനും തമ്മിൽ ഈ ആഴ്ച ആദ്യം കൈവരിച്ച രണ്ടുദിവസത്തെ യുദ്ധവിരാമത്തിനു പിന്നാലെ, ഇറാൻ ദിവസേന 15 കപ്പലുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതി നൽകിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ അതിലും കുറവാണ് കടത്തിവിടുന്നത്.
'നിലവിലെ യുദ്ധവിരാമത്തിൽ ദിവസേന 15ൽ താഴെ കപ്പലുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതി. ഈ നീക്കം ഇറാന്റെ അനുമതിയോടെയും പ്രത്യേക പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലുമാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ മേൽനോട്ടത്തിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് തിരിച്ചുപോകില്ല,' എന്ന് ചർച്ചയ്ക്ക് മുൻപ് റഷ്യൻ വാർത്ത ഏജൻസി TASS-നോട് ഒരു മുതിർന്ന ഇറാനിയൻ ഉറവിടം വ്യക്തമാക്കിയിരുന്നു.
യുദ്ധാവസാനം ഉണ്ടാകുകയാണെങ്കിൽ അത് യുഎൻ സുരക്ഷ കൗൺസിൽ പ്രമേയമായി അംഗീകരിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. 'നമ്മൾ നിർദേശിച്ച വ്യവസ്ഥകൾ അടിസ്ഥാനമാക്കി യുദ്ധാവസാനം യു.എൻ. സുരക്ഷാ കൗൺസിൽ പ്രമേയമായി അംഗീകരിക്കാത്ത പക്ഷം, അമേരിക്കയ്ക്കും സയോണിസ്റ്റ് ഭരണകൂടത്തിനും (ഇസ്രയേൽ) എതിരെ വീണ്ടും ശക്തമായ പോരാട്ടം തുടരാൻ ഞങ്ങൾ തയ്യാറാണ്,' എന്നും ഉറവിടം മുന്നറിയിപ്പ് നൽകി.
അമേരിക്ക-ഇറാൻ ചർച്ച പരാജയം; ഹോർമുസ് കടലിടുക്ക് നില മാറ്റമില്ലാതെ തുടരും
