ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ സബ്‌വേ സ്റ്റേഷനിൽ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയ ഒരാളെ പൊലീസ് വെടിവച്ച് കൊന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ന്യൂയോർക്ക് പൊലീസ് (NYPD) അറിയിച്ചു.
ആന്റണി ഗ്രിഫൻ (44) എന്ന ആളാണ് ശനിയാഴ്ച രാവിലെ ക്വീൻസ് മേഖലയിലെ വെർണൺ ബുലേവാർഡ് സ്റ്റേഷനിൽ നിന്ന് 7ാം നമ്പർ ട്രെയിനിൽ കയറി ഗ്രാൻഡ് സെൻട്രലിൽ ആക്രമണം നടത്തിയത്. അവിടെ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന ഒരു വയോധികനെ ഇയാൾ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം, 4/5/6 ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്കു നീങ്ങി മറ്റുള്ള രണ്ട് പേരെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
രാവിലെ 9.30ഓടെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ, പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തുന്നതിനിടെ പ്രതിയെ നേരിട്ടു. 'ലൂസിഫർ' ആണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അസാധാരണമായി പെരുമാറിയിരുന്ന ഗ്രിഫനെ കത്തി താഴെയിടാൻ പൊലീസ് ഏകദേശം 20 തവണ ആവശ്യപ്പെട്ടെങ്കിലും, ഇയാൾ കത്തി ഉയർത്തി മുന്നോട്ട് നീങ്ങിയതോടെ ഒരുദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗ്രിഫൻ പിന്നീട് മരിച്ചു. ഇയാൾക്ക് മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പരിക്കേറ്റ മൂന്ന് പേരും ഗുരുതരമായ മുറിവുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഭീകരവാദ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വേഗത്തിൽ ഇടപെട്ടതിലൂടെ കൂടുതൽ അപകടം ഒഴിവാക്കാനായെന്ന് ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനി പ്രതികരിച്ചു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും, പതിവുപോലെ പൊലീസ് ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിൽ കത്തിക്കുത്ത് ആക്രമണം: പ്രതിയെ വെടിവച്ച് പൊലീസ് കൊന്നു, മൂന്ന് പേർക്ക് പരിക്ക്
