യു എസ് കപ്പലുകള്‍ ഹോര്‍മുസ് മുറിച്ചു കടന്നുവെന്ന് അമേരിക്ക; ആക്രമണ മുന്നറിയിപ്പിന് പിന്നാലെ പിന്‍വാങ്ങിയെന്ന് ഇറാന്‍

യു എസ് കപ്പലുകള്‍ ഹോര്‍മുസ് മുറിച്ചു കടന്നുവെന്ന് അമേരിക്ക; ആക്രമണ മുന്നറിയിപ്പിന് പിന്നാലെ പിന്‍വാങ്ങിയെന്ന് ഇറാന്‍


വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ക്കു വേണ്ടി ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യാന്‍ യു എസ് ആരംഭിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. ഇറാന്റെ മൈന്‍ നിക്ഷേപ കപ്പലുകളും കടലിനടിയിലാഴ്ത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനിയന്‍ സൈന്യത്തിന്റെ വ്യോമ, നാവിക ശേഷി കുറഞ്ഞുവെന്നും അവരുടെ മിസൈലുകളും ഡ്രോണുകളും 'ഏകദേശം നശിപ്പിക്കപ്പെട്ടു' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന് 28 മൈന്‍ നിക്ഷേപ കപ്പലുകളാണുള്ളതെന്നും അവയെല്ലാം കടലില്‍ ആഴ്ത്തിയെന്നും പറഞ്ഞ ട്രംപ് കപ്പല്‍ മുക്കിയേക്കാമെന്ന ഒരു ഭീഷണി മാത്രമാണ് ഇറാന്‍ നടത്തിയതെന്നും അതിനു പകരം അവര്‍ക്ക് മൈന്‍ നിക്ഷേപ കപ്പലുകളാണ് നഷ്ടമായതെന്നും പറഞ്ഞു.  

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് അനുകൂലമായി ഹോര്‍മുസ് കടലിടുക്ക് ശുദ്ധീകരിക്കാനുള്ള നീക്കം തങ്ങള്‍ ആരംഭിക്കുകയാണെന്നും ഈ ജോലി സ്വയം ചെയ്യാന്‍ അവര്‍ക്ക് ധൈര്യമോ ഇച്ഛാശക്തിയോ ഇല്ലെന്നും ട്രംപ് എഴുതി.

ശനിയാഴ്ച നിരവധി യു എസ് നാവിക കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടന്നതായി യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിനുശേഷം യു എസ് യുദ്ധക്കപ്പലുകള്‍ ഈ കടലിടുക്ക് മുറിച്ചുകടക്കുന്നത് ഇതാദ്യമായാണ്. വാണിജ്യ കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഓപ്പറേഷന്‍ എന്ന് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ യു എസ് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ നിഷേധിച്ചു.

മുന്നറിയിപ്പിനെത്തുടര്‍ന്ന് യു എസ് ഡിസ്‌ട്രോയറിന് പിന്‍വാങ്ങേണ്ടി വന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്ക് കടന്നാല്‍ 30 മിനിറ്റിനുള്ളില്‍ ആക്രമിക്കപ്പെടുമെന്ന് യു എസ് സൈനിക കപ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇറാനിയന്‍ സ്റ്റേറ്റ് ടി വി അറിയിച്ചു.