പ്രതിരോധ കരാറിന്റെ ഭാഗമായി സൗദി അറേബ്യയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് പാകിസ്ഥാന്‍

പ്രതിരോധ കരാറിന്റെ ഭാഗമായി സൗദി അറേബ്യയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് പാകിസ്ഥാന്‍


ഇസ്ലാമാബാദ്/ ദുബായ്: സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിരോധ കരാറിന്റെ ഭാഗമായി യുദ്ധവിമാനങ്ങളും മറ്റ് സൈനിക സേവനങ്ങളും പാകിസ്ഥാനില്‍ നിന്നും സൗദി അറേബ്യയിലേക്ക് അയച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് വ്യോമതാവളത്തില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളും സഹായ വിമാനങ്ങളും എത്തിയതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സംയുക്ത പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയും സ്ഥിരതയും പിന്തുണയ്ക്കുന്നതിനുമാണ് പാകിസ്ഥാന്‍ വിന്യാസം ലക്ഷ്യമിടുന്നതെന്ന് അതില്‍ പറയുന്നു.

ഇറാനിയന്‍ ആക്രമണം പ്രധാന ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുകയും ഒരു സൗദി പൗരന്‍ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷമാണ് വിമാനങ്ങള്‍ അയച്ചതെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. 

സൗദി അറേബ്യയിലെ ജുബൈല്‍ പെട്രോകെമിക്കല്‍സ് സമുച്ചയത്തില്‍ തിങ്കളാഴ്ച നടന്ന ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യം തിരിച്ചടിച്ചേക്കാമെന്നും ഇത് ഇറാന്‍ സമാധാന ചര്‍ച്ചകളെ അപകടത്തിലാക്കാമെന്നും പാകിസ്ഥാനില്‍ ആശങ്ക ഉയര്‍ത്തിയിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

റിയാദും ഇസ്ലാമാബാദും 2025 സെപ്റ്റംബറില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമെതിരായ ഏതൊരു ആക്രമണത്തെയും ഇരുവിഭാഗത്തിനും എതിരായ ആക്രമണമായി കണക്കാക്കുമെന്നത് കരാറിന്റെ ഭാഗമാണ്. 

പരിശീലനവും ഉപദേശക വിന്യാസവും ഉള്‍പ്പെടെ പാകിസ്ഥാന്‍ വളരെക്കാലമായി സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ നല്‍കുന്നുണ്ട്. അതേസമയം സാമ്പത്തിക സമ്മര്‍ദ്ദ കാലഘട്ടങ്ങളില്‍ പാകിസ്ഥാനെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ സൗദി അറേബ്യയും രംഗത്തെത്താറുണ്ട്.