ക്ലസ്റ്റർ ബോംബ് ആയുധശേഖരമുള്ള മിസൈൽ പരീക്ഷണം: ഉത്തരകൊറിയയുടെ പുതിയ നീക്കത്തിൽ സംഘർഷം രൂക്ഷം

ക്ലസ്റ്റർ ബോംബ് ആയുധശേഖരമുള്ള മിസൈൽ പരീക്ഷണം: ഉത്തരകൊറിയയുടെ പുതിയ നീക്കത്തിൽ സംഘർഷം രൂക്ഷം


പ്യോങ് യാങ്ങ്: ഉത്തരകൊറിയ പുതിയ ആയുധ സംവിധാനങ്ങളുടെ ഭാഗമായി ക്ലസ്റ്റർ ബോംബ് വോർഹെഡുകളോടുകൂടിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി അറിയിച്ചു. ദക്ഷിണകൊറിയയെ ലക്ഷ്യമിട്ട് ആണവ ശേഷി വർധിപ്പിക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണങ്ങളെന്ന്  കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന പരീക്ഷണങ്ങളിൽ വ്യോമ പ്രതിരോധ ആയുധങ്ങളും ഇലക്ട്രോമാഗ്‌നറ്റിക് സംവിധാനങ്ങളും കാർബൺ ഫൈബർ ബോംബുകളും ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇതിനിടെ ദക്ഷിണകൊറിയയുടെ സൈന്യം, കിഴക്കൻ തീരപ്രദേശത്ത് നിന്ന് ഉത്തരകൊറിയ ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചിരുന്നു.

വിക്ഷേപിച്ച മിസൈലുകൾ 240 മുതൽ 700 കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ച് കടലിൽ പതിച്ചതായാണ് ദക്ഷിണകൊറിയയുടെ സംയുക്ത സേനാ മേധാവികളുടെ വിലയിരുത്തൽ. തലസ്ഥാനമായ പ്യോങ് യാങ്ങിനു സമീപ പ്രദേശത്തുനിന്നും ഒരു വിക്ഷേപണം കണ്ടെത്തിയതായും അവർ അറിയിച്ചു.

Hwasong-11 എന്ന ചെറുദൂര ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിച്ച ക്ലസ്റ്റർ വോർഹെഡുകൾ 6.5 മുതൽ 7 ഹെക്ടർ വരെ വിസ്തൃതിയിലുള്ള ലക്ഷ്യങ്ങൾ പൂർണമായി നശിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു.

ഈ പരീക്ഷണങ്ങൾ കൊറിയൻ ഉപദ്വീപിൽ തുടരുന്ന സംഘർഷാവസ്ഥ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. ദക്ഷിണകൊറിയയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ നീക്കങ്ങൾ ആശങ്ക ഉയർത്തുന്നത്.

ഇതിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ അമേരിക്കയുമായും ദക്ഷിണകൊറിയയുമായും ഉണ്ടായിരുന്ന നയതന്ത്ര ചർച്ചകൾ 2019ൽ തകരാറിലായതിനു ശേഷം മിസൈൽ വികസന പരിപാടികൾ വേഗത്തിലാക്കിയിട്ടുണ്ട്. അതോടൊപ്പം റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനും ശ്രമം തുടരുകയാണ്.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഉത്തരകൊറിയ സന്ദർശിക്കുന്നതും മേഖലയിലെ പുതിയ നയതന്ത്ര നീക്കങ്ങളുടെ സൂചനയായാണ് വിലയിരുത്തുന്നത്.